ദൃശ്യം 2വിന്റെ റിലീസിന് പിന്നാലെ ചിത്രത്തില്‍ ജോര്‍ജുകുട്ടിയുടെ രണ്ടാമത്തെ മകളായെത്തിയ എസ്‌തേര്‍ അനിലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. അനുവെന്ന കൗമാരക്കാരിയായ കഥാപാത്രത്തെ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ എസ്തറിന് കഴിഞ്ഞുവെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍.
ബാലതാരമായെത്തി ഇപ്പോള്‍ മലയാളത്തിലും മറ്റു ഭാഷകളിലും യുവനടിമാരുടെ നിരയിലേക്ക് ഉയര്‍ന്ന എസ്തര്‍ ഭാവി സിനിമകളെ കുറിച്ച് തുറന്നുപറയുകയാണ്. തനിക്ക് വ്യക്തിപരമായി ബോളിവുഡ് സിനിമകള്‍ ഇഷ്ടമല്ലെന്നാണ് എസ്തര്‍ പറയുന്നത്.
മീഡിയ വണ്‍ ചാനലില്‍ നടന്ന അഭിമുഖത്തില്‍ മുംബൈയിലെ കോളേജില്‍ പഠിക്കുന്നതിനാല്‍ ബോളിവുഡിലും അവസരങ്ങള്‍ നോക്കുന്നുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എസ്തര്‍.
‘എനിക്ക് ബോളിവുഡ് സിനിമകള്‍ വ്യക്തിപരമായി ഇഷ്ടമല്ല. മുംബൈയില്‍ പഠിക്കുന്നത് ബോളിവുഡ് സിനിമ കൂടി നോക്കാന്‍ വേണ്ടിയിട്ടല്ലേയെന്ന് ആള്‍ക്കാര്‍ ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് ആഗ്രഹമില്ല,’ എസ്തര്‍ പറഞ്ഞു.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്റ് ജില്‍ ആണ് എസ്തറിന്റെ റിലീസിനുള്ള അടുത്ത ചിത്രം. ദൃശ്യം 2 മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും എസ്തര്‍ പറഞ്ഞു.
ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ദൃശ്യം 2 റിലീസ് ആവുകയായിരുന്നു.
ദൃശ്യത്തിന്റെ ആദ്യ കാസ്റ്റായ മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക