Entertainment news
'നിങ്ങള്‍ക്കൊന്നും സ്‌നേഹത്തിന്റെ ഭാഷ അറിയില്ലേ'... ഭാവനയുടെ 'ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 03, 02:44 pm
Friday, 3rd February 2023, 8:14 pm

നീണ്ട ഇടവേളക്ക് ശേഷം ഭാവന നായികയായി എത്തുന്ന ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഷറഫുദ്ദീനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്റെ ശബ്ദത്തില്‍ തന്നെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.

നായകന്റെ ജീവിതത്തില്‍ കുട്ടിക്കാലം തൊട്ടുണ്ടാകുന്ന പ്രണയങ്ങളെക്കുറിച്ചാണ് ചിത്രത്തിന്റെ കഥ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കോമഡിയും പ്രണയവും ചേര്‍ന്ന ഫണ്‍ എന്റര്‍ടെയ്‌നറാണ് ചിത്രം.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറാണ് നിര്‍മാണം.

ഭാവനയ്ക്കും ഷറഫുദ്ദീനും ഒപ്പം അനാര്‍ക്കലി, നാസര്‍, അശോകന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്‌റഫാണ് തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്.

അരുണ്‍ റുഷിദിയാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍. പശ്ചാത്തല സംഗീതം ബിജിബാലാണ്. മിഥുന്‍ ചാലിശ്ശേരി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ടറും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും, കിരണ്‍ കേശവുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലാണ് ഒടുവില്‍ ഭാവന അഭിനയിച്ചത്. ഹണ്ട് എന്നാണ് ചിത്രത്തിന്റെ പേര്. തുടക്കം മുതല്‍ അവസാനം വരേയും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

ക്യാമ്പസിലെ പി ജി റസിഡന്റ് ‘ഡോ. കീര്‍ത്തി’യുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

 

content highlight: actress bavana new movie trailer out