പുലര്‍ച്ചെ രണ്ട് മണിക്ക് ക്ലൈമാക്‌സിലെ ഫൈറ്റ് ഷൂട്ട് ചെയ്യുകയാണ്, ലിസ്റ്റിന്‍ വന്ന് പാക്ക് അപ്പായെന്ന് പറഞ്ഞു, ഷൂട്ടാണെങ്കില്‍ തീര്‍ന്നിട്ടുമില്ല, അന്ന് കാര്യം പിടികിട്ടിയില്ല; കടുവ ടീമിനെ കുറിച്ച് വിവേക്
Movie Day
പുലര്‍ച്ചെ രണ്ട് മണിക്ക് ക്ലൈമാക്‌സിലെ ഫൈറ്റ് ഷൂട്ട് ചെയ്യുകയാണ്, ലിസ്റ്റിന്‍ വന്ന് പാക്ക് അപ്പായെന്ന് പറഞ്ഞു, ഷൂട്ടാണെങ്കില്‍ തീര്‍ന്നിട്ടുമില്ല, അന്ന് കാര്യം പിടികിട്ടിയില്ല; കടുവ ടീമിനെ കുറിച്ച് വിവേക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th July 2022, 3:19 pm

ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ കടുവ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഷാജി കൈലാസ് ചിത്രത്തിന്റേതായ എല്ലാ മാസ് എലമെന്റുകളും ഒത്തിണക്കിയ ചിത്രം തന്നെയാണ് കടുവ.

ചിത്രത്തില്‍ പൃഥ്വിരാജും വിവേക് ഒബ്രോയുമെല്ലാം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. കടുവയില്‍ അഭിനയിക്കാന്‍ തയ്യാറായതിനെ കുറിച്ചും നടന്‍ പൃഥ്വിരാജിനെ കുറിച്ചും നിര്‍മാതാവ് ലിസ്റ്റിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വിവേക് ഒബ്രോയ്. കടുവ സിനിമയില്‍ താന്‍ അഭിനയിക്കാന്‍ തയ്യാറായത് തന്നെ നല്ലൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണെന്നാണ് വിവേക് പറയുന്നത്.

ഒപ്പം ചിത്രത്തിന്റെ ക്ലൈമാക്‌സിലുള്ള ആക്ഷന്‍ സ്വീകന്‍സ് ചിത്രീകരിക്കുമ്പോഴുണ്ടായ ഒരു സംഭവത്തെ കുറിച്ചും വിവേക് ഒബ്രോയ് സംസാരിക്കുന്നുണ്ട്.

‘ ചിത്രത്തിന്റെ ക്ലൈമാക്സ് സീന്‍ ഷൂട്ട് ചെയ്യുകയാണ്. ആക്ഷന്‍ സ്വീകന്‍സ് ആണ് എടുക്കുന്നത്. രാത്രിയാണ് ഷൂട്ട്. പുലര്‍ച്ചെ ഒരു അഞ്ച് മണി വരെയാണ് നമ്മള്‍ ഷൂട്ട് പ്ലാന്‍ ചെയ്തത്.

അങ്ങനെയിരിക്കെ ലിസ്റ്റിന്‍ എന്റെ അടുത്ത് വന്ന് ചിരിച്ചുകൊണ്ട് സാര്‍, പാക്ക് അപ്പ് ആണ് എന്ന് പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ പുലര്‍ച്ചെ രണ്ടര മൂന്ന് മണിയായിട്ടേ ഉള്ളൂ.

അഞ്ച് മണി വരെയൊക്കെ ഷൂട്ട് ചെയ്യാമെന്ന് നമ്മള്‍ കരുതിയതാണ്. എന്തു പറ്റി പാക്ക് അപ്പ് ചെയ്യാനെന്ന് ഞാന്‍ ചോദിച്ചു. കുഴപ്പമില്ല സാര്‍ നമുക്ക് ബാക്കി നാളെ എടുക്കാമെന്ന് പറഞ്ഞു. അപ്പോള്‍ എന്താണ് സംഭവമെന്ന് എനിക്ക് മനസിലായില്ല. ശരിക്കും ഒരു കലാപ സാഹചര്യമാണ് അവിടെ. അത്രയും പ്രശ്നങ്ങളുള്ള ഒരു സമയമായിട്ടും അദ്ദേഹം ചിരിച്ചുകൊണ്ടാണ് എന്റെ അടുത്ത് വന്നിട്ട് ബാക്കി നമുക്ക് നാളെ എടുക്കാമെന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഗംഭീരരായ മനുഷ്യര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നതാണ്. എന്നെ സംബന്ധിച്ച് ഒരു ഡ്രീം ടീം തന്നെയായിരുന്നു ഇത്. പിന്നെ ചിത്രത്തിലെ എന്റെ കഥാപാത്രം. വളരെ എക്സൈറ്റിങ് ആയിട്ടുള്ള കഥാപാത്രമാണ് അത്, വിവേക് ഒബ്രോയ് പറഞ്ഞു.

ഷാജി കൈലാസിനെപ്പോലുള്ള സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുക പറ്റുക, അതുപോലെ സീമ ആന്റിയെപ്പോലുള്ളവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ പറ്റുക ഇതൊക്കെയൊരു ഭാഗ്യമാണ്.

ചിത്രത്തിലെ ജോസഫ് എന്ന കഥാപാത്രം എഡ്യൂക്കേറ്റഡാണ്. ക്ലാസിയാണ്. അധികാരം കൈയിലുള്ള ആളാണ്. നല്ല ഭര്‍ത്താവും മകനും അച്ഛനുമൊക്കെയാണ്. എന്നാല്‍ ഈഗോ എന്ന വൈറസ് തലയില്‍ കയറുന്നതോടെ സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ കോര്‍. തന്റെ 20 വര്‍ഷത്തെ കരിയറില്‍ ഇങ്ങനത്തെ ഒരു കഥാപാത്രം ചെയ്തിട്ടില്ല, വിവേക് ഒബ്രോയ് പറഞ്ഞു.

ഒരിക്കലും പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്യുന്ന ആളല്ല താനെന്നും പൃഥ്വിരാജിനെപ്പോലുള്ളവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം തന്നെയാണ് തന്നെ ഈ സിനിമയിലേക്ക് എത്തിച്ചതെന്നും വിവേക് പറയുന്നുണ്ട്.

‘ പൃഥ്വിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത്രയേറെ കഴിവുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഒരു പ്രശ്നം എന്താണെന്നാല്‍ അദ്ദേഹം എല്ലാവരേയും ഇന്‍സെക്യുര്‍ ആക്കും എന്നതാണ്. (ചിരി). കാരണം അദ്ദേഹം എല്ലാ ജോലിയും ചെയ്യും. പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് ആ പ്രസ്താവന വലിയൊരു പ്രസ്താവനയാണെന്ന് അറിയാം. നിങ്ങള്‍ തന്നെ നോക്കൂ അഭിനയം, നിര്‍മാണം, പാട്ട്, ഡാന്‍സ്, സംവിധാനം, എഡിറ്റിങ് തുടങ്ങി എല്ലാം ചെയ്യും.

ഒരു തരത്തില്‍ സംയുക്ത രക്ഷപ്പെട്ടതാണ്. അല്ലെങ്കില്‍ സംയുക്തയുടെ റോള്‍ കൂടി പൃഥ്വി ചെയ്തേനെ(ചിരി). ഹൃദയത്തില്‍ നിന്ന് പറയുകയാണ് പൃഥ്വിയെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. അങ്ങേയറ്റം കമ്മിറ്റഡായ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവും ശ്വാസവും വരെ സിനിമയാണ്. അത്രയും ഫോക്കസ്ഡും കമ്മിറ്റഡുമായി സിനിമയെ നോക്കിക്കാണുന്ന ആളാണ് അദ്ദേഹം.

20 വര്‍ഷമായി അദ്ദേഹം സിനിമയില്‍. ഞാനും 20 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളാണ്. ഞാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൃഥ്വി എത്രയോ മുന്നിലാണ്. ഡെഡിക്കേഷനും പാഷനുമാണ് അതിന്റെ കാരണം. അദ്ദേഹം എന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയ്തിട്ടുണ്ട്, വിവേക് ഒബ്രോയ് പറഞ്ഞു.

Content highlight: Actor Vivek Oberoi about Kaduva Climax Fight Scene and Listin Comment