കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ പ്രതികരണവുമായി നടന്‍ വിനായകന്‍.
‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ശിവശങ്കറിന്റെ പുസ്തകത്തിന്റെ പേരിനെക്കുറിച്ചുള്ള പരാമര്‍ശമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘അശ്വത്ഥാമാവ്’ വെറും ഒരു ആനയല്ലെന്നും യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണെന്നും അദ്ദേഹം എഴുതി. ഇതിനുതാഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
തന്റെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി എന്താണ് വിനായകന്‍ ഉദ്ദേശിച്ചതെന്ന് കുറച്ചെങ്കിലും മനസിലാകുന്ന പ്രതികരണമാണിതെന്നാണ് കമന്റുകളില്‍ പറയുന്നത്.
നേരത്തെ താന്‍ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ഈ പുസ്തകം വായിക്കുമെന്നും, മാധ്യമങ്ങളും ഇത് വായിക്കുമെന്നാണ് കരുതുന്നതായും പുസ്തകത്തെക്കുറിച്ച് അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
ശനിയാഴ്ചയാണ് ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
സ്വര്‍ണക്കടത്തുകേസിലെ അന്വേഷണ ഏജന്‍സികളുടെ സമീപനവും ജയിലിലെ അനുഭവങ്ങളുമടക്കമുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ടാകും.
സര്‍വീസിലേക്ക് തിരിച്ചെത്തിയ ശേഷം സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തുവരുന്നത്.
ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ആത്മകഥയുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത്. പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ ഡി.സി ബുക്‌സിന്റെ പച്ചക്കുതിര എന്ന പ്രസിദ്ധീകരണത്തിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.