Entertainment
രാജ്യം ഭരിക്കുന്നവരുടെ പ്രവൃത്തികള്‍ ശരിയാണോ; സിനിമ മാത്രമല്ല അക്രമത്തിന് കാരണം: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 07, 05:10 am
Friday, 7th March 2025, 10:40 am

സിനിമയിലെ വയലന്‍സ് സമൂഹത്തെ എത്രമാത്രം ബാധിക്കുന്നുണ്ട് എന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയാണ് നടന്‍ വിജയരാഘവന്‍.

സിനിമ മാത്രമല്ല പലതും സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

രാജ്യം ഭരിക്കുന്നവരുടേയും രാഷ്ട്രീയക്കാരുടെ പ്രവൃത്തികള്‍ ശരിയാണോയെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ ചോദിക്കുന്നു.

‘ സിനിമയുടെ കാര്യം മാത്രം അല്ലല്ലോ. രാഷ്ട്രീയ പ്രവര്‍ത്തകരൊക്കെയാണല്ലോ ഒരു രാജ്യത്തെ നിയന്ത്രിക്കുന്നത്. അല്ലെങ്കില്‍ നമ്മളില്‍ സാമൂഹ്യബോധം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവര്‍.

അവരുടെ പെരുമാറ്റം ശരിയാണെന്ന് തോന്നുന്നുണ്ടോ. പിന്നെ നമ്മള്‍ സിനിമയെ മാത്രം പറഞ്ഞിട്ടെന്താണ് കാര്യം. പിന്നെ ബുദ്ധനും ക്രിസ്തുവും മഹാത്മാഗാന്ധിയുമൊക്കെ ജനിച്ച നാടാണ് നമ്മുടേത്.

മഹാത്മാഗാന്ധിയാണല്ലോ നമ്മുടെ രാഷ്ട്രപിതാവ്. സ്വാതന്ത്ര്യം നേടിത്തന്ന ആളാണ്. നോണ്‍ വയലന്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ ആയുധം. ആ രാജ്യത്ത് അത് അനുസരിച്ചാണോ നമ്മള്‍ ജീവിക്കുന്നത്.

ഫ്രസ്‌ട്രേഷന്‍സ് ആയിരിക്കാം. സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുടുംബമാണ്. അവിടുത്തെ പ്രശ്‌നങ്ങളാവാം. കുടുംബമാണ് പ്രശ്‌നം. എന്റെ കുട്ടി എന്തെങ്കിലും ഒരു ഇതുപോലെയുള്ള അട്രോസിറ്റീസില്‍ ഇടപെട്ടുകഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദി ഞാനാണ്.

ഞാന്‍ അങ്ങനെ വിശ്വസിക്കുന്ന ആളാണ്. ഞാന്‍ മോശമായെങ്കില്‍ എന്നെ വളര്‍ത്തിയതിന്റെ കുഴപ്പമല്ലേ. അല്ലാതെ കൂട്ടുകാരന്റെ കുഴപ്പമാണോ. എന്റെ മകന്‍ ചീത്തയായി കഴിഞ്ഞാല്‍ ഞാന്‍ കൂട്ടുകെട്ടാണ് കാരണം എന്ന് പറയുന്നത് ശരിയല്ല.

നമ്മള്‍ നോക്കണം കുട്ടികള്‍ എങ്ങനെയാണെന്ന്. സ്‌കൂളില്‍ പോകുന്നുണ്ടോ വേറെ എവിടെയെങ്കിലും പോകുവാണോ എന്നൊക്കെ അന്വേഷിക്കണ്ടേ. തിരിച്ചറിവ് വരുന്ന പ്രായംവരെയെങ്കിലും അവര്‍ എന്താണ് ചെയ്യുന്നത് അല്ലെങ്കില്‍ അവന്‍ എന്താകാന്‍ പോകുന്നു, അവന്റെ മാനസിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ.

അല്ലാതെ സിനിമ കണ്ടിട്ട് ചീത്തയാകണമെങ്കില്‍ സിനിമയിലെ നന്മകള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടായിരിക്കാം.

പൊലീസ്, രാഷ്ട്രീയക്കാര്‍ ഇവരൊക്കെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടതില്ലേ. ചുറ്റുപാടും ലഹരി സുലഭമായി കിട്ടുമ്പോള്‍ അത് ഉപയോഗിക്കുന്നു. അത് ആരാണ് നിയന്ത്രിക്കേണ്ടത്.

അവിടെയാണ് കുഴപ്പം. വെറും ചര്‍ച്ചകള്‍ കൊണ്ടൊന്നും കാര്യമില്ല. അഡ്മിനിസ്‌ട്രേഷനും ജുഡീഷ്യറ്യയും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം.

പിന്നെ ഇവിടെ മതവും രാഷ്ട്രീയവും തിരിച്ചറിയാത്ത വിധം കൂട്ടുപിണയ്ക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയത്തില്‍ എന്തിനാണ് മതം. വോട്ട് കിട്ടാന്‍ വേണ്ടിയല്ലേ.

നന്മയുടെ പ്രതീകമായിട്ടുള്ള കഥകള്‍ വന്നാല്‍ അത് ഇവിടെ ആരെങ്കിലും കാണുമോ. ധര്‍മം ഉപദേശിക്കാനേ പറ്റൂ നടപ്പാക്കാന്‍ പറ്റില്ല,’ വിജയരാഘവന്‍ പറഞ്ഞു.

Content Highlight: Actor Vijayaraghavan about Violence In Cinema and Our Society