പുതിയ സിനിമയായ ബ്രൂസ് ലീയുടെ പേരില്‍ വരുന്ന കാസ്റ്റിങ്ങ് വാര്‍ത്തകള്‍ വ്യാജമാണെന്ന് ഉണ്ണി മുകുന്ദന്‍. തന്റെ സിനിമകളുടെ അപ്‌ഡേറ്റുകള്‍ എല്ലാം അതാത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നും അത്തരത്തില്‍ അല്ലാത്ത വാര്‍ത്തകള്‍ പങ്കുവെക്കരുതെന്നും അദ്ദേഹം അറിയിച്ചു.
‘ബ്രൂസ് ലീ എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഒന്നും ഷെയര്‍ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്റെ സന്തോഷം ആയാലും എന്റെ മറ്റേത് സിനിമയായാലും അതിന്റെ കാസ്റ്റിങ്, മറ്റു അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നതാണ്,’ ഉണ്ണി മുകുന്ദന്‍ പറയുന്നു.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഹിറ്റ് ചിത്രം മല്ലു സിംഗിന് ശേഷം വൈശാഖും ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസ് ലീ. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. പുലിമുരുകന്‍,
മധുരരാജ, മോണ്‍സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്.
നിലവില്‍ ഷെഫീക്കിന്റെ സന്തോഷം ആണ് ഉണ്ണി മുകുന്ദന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണിമുകുന്ദന്‍ ഫിലിംസും ബാദുഷയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നുത്.