കൊച്ചി: മോന്‍സന്‍ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലെന്ന് നടന്‍ ശ്രീനിവാസന്‍. ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സന്‍ ചികിത്സ ഏര്‍പ്പാടാക്കി. താനറിയാതെ ആശുപത്രിയിലെ പണവും നല്‍കി.
മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നെന്നും പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോന്‍സനെതിരെ പരാതി നല്‍കിയവരില്‍ രണ്ട് പേര്‍ ഫ്രോഡുകളാണെന്നും പണത്തിനോട് അത്യാര്‍ത്തിയുള്ളവരാണ് മോന്‍സന് പണം നല്‍കിയതെന്നും ശ്രീനിവാസന്‍ പറഞ്ഞു. തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ അഞ്ച് കോടി രൂപ പലിശയില്ലാതെ മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നെന്നും ശ്രീനിവാസന്‍ പറഞ്ഞു.
” ആന്റിക്‌സിന്റെ വലിയൊരു കളക്ഷന്‍ ഉണ്ട് എന്ന് എന്റെയാരു സുഹൃത്ത് പറഞ്ഞതുപ്രകാരമാണ് മോന്‍സന്റെ പുരാവസ്തു മ്യൂസിയത്തില്‍ ഞാന്‍ പോകുന്നത്. മാത്രമല്ല എനിക്ക് അന്ന് സുഖമില്ലാത്ത സമയമാണ്. ഇദ്ദേഹം ഡോക്ടറാണ്. അന്ന് ഡോക്ടറാണ്. ഇപ്പോള്‍ ഡോക്ടറാണോ എന്ന് എനിക്ക് അറിയില്ല. അപ്പോള്‍ അങ്ങനെയൊരു ഡോക്ടറെ രോഗിയായ ഞാന്‍ പോയി കാണുന്നത് തെറ്റല്ലല്ലോ.
ഞാനവിടെ പോയപ്പോള്‍ ആന്റിക്‌സിനെ കുറിച്ചൊന്നും പുള്ളി അധികം സംസാരിച്ചില്ല. എന്റെ അസുഖത്തെ കുറിച്ച് ചോദിച്ചു. എന്തൊക്കെയാണ് പ്രശ്‌നങ്ങള്‍ എന്നുചോദിച്ചു. അങ്ങനെ ഹരിപ്പാടുള്ള ഒരു ആയൂര്‍വേദ ആശുപത്രി പരിചയമുണ്ടെന്നും അദ്ദേഹം വിളിച്ചുപറയാമെന്നും അവിടെ ഒരു പത്ത് ദിവസം കിടന്നാല്‍ അതിനനുസരിച്ചുള്ള ശാരീരിക സുഖമുണ്ടാകുമെന്നും നല്ല ഡോക്ടര്‍മാരാണ് അവിടെ ഉള്ളതെന്നും എന്നോട് പറഞ്ഞു.
ഇതുപ്രകാരം ചികിത്സയ്ക്ക് വേണ്ടി ഞാനവിടെ പോകുകയാണ്. ഉഴിച്ചിലും പിഴിച്ചിലുമായി പതിനഞ്ചോളം ദിവസം കിടന്നു. അതുകഴിഞ്ഞ് പോരുന്ന സമയത്ത് അവിടുത്തെ ചിലവിന്റെ ബില്‍ കൊടുക്കാന്‍ ചെന്നപ്പോള്‍ ഇദ്ദേഹം മുഴുവന്‍ പൈസയും കൊടുത്ത് സ്ഥലം വിട്ടിരുന്നു. ഞാന്‍ അത് അറിഞ്ഞതേയില്ല. സ്വാഭാവികമായും നമുക്ക് ഒരു ബുദ്ധിമുട്ട് തോന്നുമല്ലോ. പിന്നെ പൈസ ചെലവായില്ലല്ലോ എന്ന സന്തോഷവും ഉള്ളിലുണ്ട് (ചിരി).
വലിയ മനസുള്ള ആളുകള്‍ അങ്ങനെ പലതും ചെയ്യുമല്ലോ, നല്ല കാര്യമാണ്. അദ്ദേഹത്തിന്റെ അടിസ്ഥാന സ്വഭാവം അതായിരിക്കും. അദ്ദേഹം പറഞ്ഞിട്ടാണല്ലോ ഞാന്‍ അവിടെ പോയത്. അതുകൊണ്ട് എനിക്ക് വേറെ പ്രശ്‌നങ്ങളൊന്നും ഫീല്‍ ചെയ്തിട്ടില്ല. ആ പരിചയം മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ,” ശ്രീനിവാസന്‍ പറഞ്ഞു.
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്റെ വീട്ടില്‍ ശ്രീനിവാസന്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ശ്രീനിവാസന്‍ രംഗത്തെത്തിയത്.