സിനിമയ്ക്ക് നല്‍കുന്ന പേരുകളുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന നടന്‍ സിദ്ദിഖിന്റെ ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. സിനിമയുടെ പേരില്‍ വലിയ കാര്യമുണ്ടെന്നും ഒരു സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ നമുക്ക് ആ സിനിമ കാണാന്‍ തോന്നണമെന്നാണ് സിദ്ദിഖ് പറയുന്നത്.
മോഹന്‍ലാല്‍ നായകനായ ഒരു സിനിമയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് നടന്‍ മധു തന്നോട് പറഞ്ഞ ഒരു കാര്യത്തെ കുറിച്ചായിരുന്നു സിദ്ദിഖ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്.
‘ എന്റെ അടുത്ത് മധു സര്‍ ഒരിക്കല്‍ പറഞ്ഞു, എന്താണ് സിദ്ദിഖ് ഇങ്ങനെയുള്ള പേരുകളൊക്കെ സിനിമയ്ക്ക് ഇടുന്നത് എന്ന്. എന്തുപറ്റി സാര്‍ എന്ന് ഞാന്‍ ചോദിച്ചു.
ഇപ്പോള്‍ അടുത്ത് ഒരു സിനിമയുടെ പേര് കേട്ടു, കൂതറ. മോഹന്‍ലാല്‍ അഭിനയിച്ച സിനിമയാണ്. നമ്മളോട് ഒരാള്‍ ചോദിച്ചാല്‍ എന്തുപറയും, കൂതറ കാണാന്‍ പോകുകയാണെന്ന് പറയണോ? മധു സാറിനെപ്പോലെ അത്രയ്ക്കും സീനിയറായ ഒരു ആക്ടര്‍ പറഞ്ഞ കാര്യമാണ്.
പേരില്‍ വലിയ കാര്യമുണ്ട്. ഒരു പേരാണല്ലോ നമ്മളെ ആദ്യം അട്രാക്ട് ചെയ്യുന്നത്. ചില സിനിമകള്‍ നമ്മള്‍ കണ്ടിട്ട് കുറച്ചുകൂടി നല്ല പേരിട്ടിരുന്നെങ്കില്‍ ഈ സിനിമ നന്നായിരുന്നേനെ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു പേര് പറയാനും എനിക്ക് മടിയില്ല.
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്നൊരു സിനിമ കണ്ടു. ബ്യൂട്ടിഫുള്‍ സിനിമയാണ്. എന്തൊരു നല്ല മേക്കിങ് ആണെന്ന് അറിയുമോ, പക്ഷേ ആ പേര് കേട്ടപ്പോള്‍ ആ സിനിമ കാണാന്‍ എനിക്ക് തോന്നിയില്ല.