കുട്ടികളെ തീക്കോലം കെട്ടിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം; ഏത് വിശ്വാസത്തിന്റെ പേരിലായാലും അംഗീകരിച്ചുകൂടാ: സന്തോഷ് കീഴാറ്റൂര്‍
Kerala News
കുട്ടികളെ തീക്കോലം കെട്ടിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം; ഏത് വിശ്വാസത്തിന്റെ പേരിലായാലും അംഗീകരിച്ചുകൂടാ: സന്തോഷ് കീഴാറ്റൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th April 2023, 10:46 pm

കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഗ്‌നി കോലം പകര്‍ന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഏത് വിശ്വാസത്തിന്റെ പേരിലായാലും ഇത്തരം കാര്യങ്ങള്‍ അംഗീകരിച്ചുകൂടായെന്ന് അദ്ദേഹം പറഞ്ഞു. തെയ്യം കലയോട് വലിയ ആദരവുള്ള വ്യക്തിയാണ് താനെന്നും പക്ഷെ കുട്ടികളെ ഉപയോഗിച്ച് തീക്കോലം കെട്ടുക്കുന്നത് ആവര്‍ത്തികാതിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ക്രൂരം, ദയനീയം. കുട്ടികളെ തീക്കോലം കെട്ടിക്കുന്നത് ഏര്‍പ്പാട് നിര്‍ത്തണം’ എന്ന ഒരു പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ പ്രതികരണം.

‘തെയ്യക്കോലങ്ങളും
തെയ്യം കെട്ടുന്നവരെയും
വലിയ ഭക്തിയോടെയും, ബഹുമാനത്തോടെയും
നോക്കി കാണുന്ന ആളാണ് ഞാന്‍
തികഞ്ഞ കലാകാരന്മാരാണ്
തെയ്യം കെട്ടുന്നവര്‍..

പക്ഷെ ഇത്
ഏത് വിശ്വാസത്തിന്റെ പേരിലായാലും
അംഗീകരിച്ചുകൂടാ.. ഇനി എങ്കിലും
ഇത് ആവര്‍ത്തിക്കാതിരിക്കട്ടെ,’ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

കണ്ണൂര്‍ ചിറക്കലില്‍ പെരുങ്കളിയാട്ടത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഗ്‌നി കോലം പകര്‍ന്ന് തെയ്യം അവതരിപ്പിച്ചത്. സംഭവം വിവാദമായതോടെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയ കേസെടുത്തത്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഡയറക്ടര്‍, ജില്ലാ പൊലീസ് മേധാവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.