സിനിമയില്‍ വന്ന ശേഷമുള്ള 25 വര്‍ഷം തനിക്ക് നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ടെന്നും ഒരു സാമൂഹ്യജീവിതമടക്കം തനിക്ക് നഷ്ടമായെന്നും പറയുകയാണ് നടന്‍ സലീം കുമാര്‍. ഒരു കല്യാണ വീട്ടില്‍ പോയി പന്തലിടാനോ ഒരു മരണവീട്ടില്‍ പോയി പെരുമാറാനോ തനിക്ക് കഴിയാറില്ലെന്നും സലിം കുമാര്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ എനിക്ക് ഒരു മരണവീട്ടില്‍ ചെന്നു പെരുമാറാന്‍ കഴിയുന്നില്ല. മരണവീടിന്റെ ഒരു അവസ്ഥ, അല്ലെങ്കില്‍ അവിടുത്തെ ഒരു ഫീല്‍ സങ്കടമാണ്. ഏറ്റു മാനൂരില്‍ എന്റെ ഒരു സുഹൃത്തിന്റെ അച്ഛന്‍ മരിച്ചു. ‘ നീ വന്നാല്‍ നന്നായിരുന്നു’ എന്ന് എന്റെ സുഹൃത്ത് പറഞ്ഞു. മരിച്ച ആള്‍ നല്ല പ്രായമുള്ള ആളായിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ തന്നെ അവിടെ മൃതശരീരത്തിനരികില്‍ ഇരുന്ന് വിതുമ്പുന്ന സ്ത്രീകള്‍ ചെറുതായി അടുത്തുള്ള സ്ത്രീകളുടെ ചെവിയില്‍ അടക്കത്തില്‍ എന്തോ പറഞ്ഞ് ചിരിക്കാന്‍ തുടങ്ങി. എനിക്ക് എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി. എനിക്കും ഒരു സാധാരണക്കാരനെപ്പോലെ അവിടെ നില്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയി,’ സലിം കുമാര്‍ പറഞ്ഞു.
എന്റെ കുടുംബത്തില്‍ പോലും ഒരു സംസാരത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ വിഷയം മാറ്റിക്കളയും. എന്റെ സാമൂഹിക ജീവിതത്തിലെ സംഭവങ്ങളൊക്കെ എന്റെ സിനിമകളിലെ തമാശകളില്‍ വന്നിട്ടുണ്ട്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്നത് സാധാരണ ജീവിതത്തില്‍ നിന്നു കടമെടുത്തതാണ്. പുലിവാല്‍ കല്യാണത്തില്‍ ഉരുളക്കിഴങ്ങ് കഴിച്ച കൊച്ചിന്‍ ഹനീഫയുടെ ധര്‍മേന്ദ്രയുടെ കൂടെ കിടക്കുമ്പോള്‍ വേണ്ട റിസ്‌കെടുക്കണ്ട എന്ന് പറയുന്നത് വള്‍ഗറാക്കാത്ത സാധാരണക്കാരുടെ തമാശയാണ്.
ഞാന്‍ പുലിവാല്‍ കല്യാണത്തില്‍ പറഞ്ഞ പല കൗണ്ടറുകളും അതിലിടാന്‍ സ്ഥലമില്ലാത്തതുകൊണ്ട് പിന്നീട് പല സിനിമകളിലും പറഞ്ഞിട്ടുണ്ട്. എന്റെ സാമൂഹിക ജീവിതം നഷ്ടപ്പെടുന്നതിന് മുന്‍പുള്ള തമാശകളായിരുന്നു പുലിവാല്‍ കല്യാണവും കല്യാണ രാമനുമൊക്കെ. ബെന്നി. പി നായരമ്പലമായാലും സിബി ആയാലും ഉദയനായാലും സാമൂഹിക ജീവിതം നഷ്ടപ്പെടുന്നതിന് മുന്‍പേ കിടിലന്‍ തമാശകള്‍ എഴുതിയിരുന്നു. ഇന്ന് അവര്‍ക്ക് അതുപോലുള്ള സ്‌ക്രിപ്റ്റുകള്‍ എഴുതാന്‍ പറ്റില്ല. കാരണം ഇന്നവര്‍ക്ക് സാമൂഹ്യ ജീവിതം നഷ്ടമായി. ഇത് നടന് മാത്രമല്ല എഴുത്തുകാര്‍ക്കും ബാധകമാണ്. ഇന്ന് ഞങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ ആകുകയാണ്.,’ സലിം കുമാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക