Entertainment
ആ സംവിധായകന്‍ കാരണം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാലിന്റെ വേഷം ചെയ്യാന്‍ ഞാന്‍ വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുത്തു: രവീന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 01, 06:16 am
Saturday, 1st March 2025, 11:46 am

1980കളില്‍ മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടനാണ് രവീന്ദ്രന്‍. ഡിസ്‌കോ രവീന്ദ്രന്‍ എന്ന് തമിഴ്‌നാട്ടില്‍ അറിയപ്പെട്ടിരുന്ന താരം ഒരുഘട്ടത്തില്‍ കമല്‍ ഹാസന് പോലും വെല്ലുവിളിയായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത താരം ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ തിരച്ചുവരിവ് നടത്തി. ചിത്രത്തിലെ ‘മ്ലേച്ഛന്‍ രവി’ എന്ന കഥാപാത്രം തരംഗമായി മാറി.

മോഹന്‍ലാല്‍, ശങ്കര്‍ എന്നിവരുടെ ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ താന്‍ അഭിനയിക്കേണ്ടതായിരുന്നു എന്ന് പറയുകയാണ് രവീന്ദ്രന്‍. ഐ.വി. ശശിയുടെ അശ്വരഥം എന്ന ചിത്രമായിരുന്നു താന്‍ അഭിനയിച്ച ആദ്യ ചിത്രമെന്നും എന്നാല്‍ അതിന് മുമ്പ് സ്വന്തം എന്ന പദം എന്ന സിനിമയില് ചെറിയ വേഷം ചെയ്യേണ്ടി വന്നെന്നും രവീന്ദ്രന്‍ പറഞ്ഞു.

കാശ്മീരിലായിരുന്നു ആ സിനിമയുടെ ഷൂട്ടെന്നും അതിന്റെ നിര്‍മാതാവിനെ തനിക്ക് പരിചയമുണ്ടായിരുന്നെന്നും അങ്ങനെയാണ് അതില്‍ അഭിനയിച്ചതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അശ്വരഥത്തില്‍ തന്നെ നായകനാക്കാന്‍ ഐ.വി. ശശിക്ക് പ്ലാന്‍ ഉണ്ടായിരുന്നെന്നും അത് താന്‍ അറിഞ്ഞില്ലായിരുന്നെന്നും രവീന്ദ്രന്‍ പറഞ്ഞു. നായകനാകുന്നതിന് മുമ്പ് ചെറിയ വേഷം ചെയ്തതിന് ഐ.വി ശശി തന്നെ വഴക്ക് പറഞ്ഞെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്നെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാന്‍ താന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നെന്നും രവീന്ദ്രന്‍ പറഞ്ഞു. താനും ശങ്കറുമാണ് അഡ്വാന്‍സ് വാങ്ങിയതെന്നും മോഹന്‍ലാല്‍ ചെയ്ത നരേന്ദ്രന്‍ എന്ന കഥാപാത്രമായിരുന്നു തനിക്കെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ അശ്വരഥത്തിന് വേണ്ടി താന്‍ നവോദയ അപ്പച്ചന് അഡ്വാന്‍സ് തിരികെ കൊടുത്തെന്നും രവീന്ദ്രന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു രവീന്ദ്രന്‍.

‘ഫിലിം ചേബറിലെ പരിചയം വെച്ച് സ്വന്തം എന്ന പദം സിനിമയുടെ ഷൂട്ട് കാണാന്‍ കാശ്മീരിലേക്ക് ഞാന്‍ പോയിട്ടുണ്ടായിരുന്നു. ചുമ്മാ കാശ്മീരൊക്കെ കാണാമല്ലോ എന്ന ചിന്തയിലാണ് പോയത്. പക്ഷേ, എനിക്ക് അവര്‍ ചെറിയൊരു വേഷം തന്നു. ഞാന്‍ ആ പടത്തില്‍ അഭിനയിച്ചതറിഞ്ഞ് ശശിയേട്ടന്‍ എന്നെ വിളിച്ച് ചൂടായി. ‘നീയെന്തിനാ ചെറിയ വേഷമൊക്കെ ചെയ്യാന്‍ പോയത്. നിന്നെ അടുത്ത പടത്തില്‍ നായകനാക്കാന്‍ നിന്ന ഞാന്‍ ആരായി?’ എന്ന് അദ്ദേഹം പറഞ്ഞു.

അശ്വരഥത്തില്‍ ഞാനാണ് ലീഡ് റോളെന്ന് അപ്പോഴാണ് അറിഞ്ഞത്. ‘വേറെ ഏതെങ്കിലും പടത്തിന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചുകൊടുക്ക്’ എന്നും പുള്ളി പറഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ എന്നെ വിളിച്ചിരുന്നു. ഞാനും ശങ്കറും ആ പടത്തിന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടായിരുന്നു. മോഹന്‍ലാല്‍ പിന്നീട് ചെയ്ത നരേന്ദ്രനായി ആദ്യം കാസ്റ്റ് ചെയ്തത് എന്നെയായിരുന്നു. നവോദയ അപ്പച്ചന്റെ അടുത്ത് പോയി ആ അഡ്വാന്‍സ് ഞാന്‍ ഞാന്‍ തിരിച്ച് കൊടുത്തു,’ രവീന്ദ്രന്‍ പറയുന്നു.

Content Highlight: Actor Raveendran says he was to play Mohanlal’s character in Manjil Virinja Pookkal movie