Entertainment news
ഓടി രക്ഷപ്പെട്ട് കല്‍ക്കട്ടയില്‍ നിന്നാണ് അവര്‍ വിവാഹം കഴിച്ചത്, മമ്മിയോട് ഇന്നുവരെ നിസ്‌കരിക്കാനോ മതം മാറാനോ അദ്ദേഹം പറഞ്ഞിട്ടില്ല: റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 01, 04:55 am
Thursday, 1st December 2022, 10:25 am

റഹ്മാന്റെ മാതാപിതാക്കള്‍ വ്യത്യസ്ത മതത്തില്‍ നിന്നും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അവരുടെ പ്രണയത്തെക്കുറിച്ച് പറയുകയാണ് റഹ്മാന്‍. അവരുടെ നാട്ടില്‍ ഭയങ്കര പ്രശ്‌നങ്ങളായിരുന്നുവെന്നും ഓടി രക്ഷപ്പെട്ട് കല്‍ക്കട്ടയില്‍ നിന്നാണ് ഇരുവരും വിവാഹം കഴിച്ചതെന്നും റഹ്മാന്‍ പറഞ്ഞു.

മമ്മിയുടെ മതം മാറ്റാനോ പേര് മാറ്റാനോ തന്റെ അച്ഛന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും റഹ്മാന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വാപ്പയുടെ പേരാണ് കെ. എം. എ. റഹ്മാന്‍. അമ്മയുടെ പേര് സാവിത്രി നായര്‍. ഇവര്‍ കല്യാണം കഴിച്ചതിന്റെ പേരില്‍ ഞാന്‍ ഒന്നും അനുഭവിച്ചിട്ടില്ല. ഞാന്‍ കേട്ടത് ആ കാലത്ത് ഭയങ്കര പ്രശ്‌നങ്ങളായിരുന്നുവെന്നാണ്. നായന്മാരും മുസ്‌ലീംസും തമ്മില്‍ വെട്ടും കുത്തുമാണ് ആ കാലത്തെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

അവര്‍ ഓടി രക്ഷപ്പെട്ട് കല്‍ക്കട്ടയില്‍ നിന്നാണ് വിവാഹം കഴിച്ചത്. ഭയങ്കര വിപ്ലവം ഉള്ള കാര്യമാണ്. കാരണം ആ കാലഘട്ടത്തിലാണെന്ന് കൂടി ചിന്തിക്കണം. ഡാഡി മെര്‍ച്ചന്റ് നേവിയില്‍ ആയിരുന്നു. ഒരു റഷ്യന്‍ ഗേള്‍ ഫ്രണ്ട് അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

മമ്മി കോഴിക്കോടാണ് താമസം നിലമ്പൂരേക്ക് ട്രെയിനിങ്ങിന് വേണ്ടിയാണ് മമ്മി വന്നത്. ഡാഡിയുടെ വീട്ടിലേക്കാണ് അന്ന് ആളുകള്‍ എന്ത് ആവശ്യം ഉണ്ടായാലും വരിക. മമ്മി താമസിച്ച വീട്ടില്‍ വെള്ളം കേറിയിട്ടാണ് ഡാഡിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്.

അവിടേക്ക് ലീവിന് ഡാഡി വന്നു. അവര്‍ രണ്ടുപേരും കണ്ടു, പരസ്പരം ഇഷ്ടപ്പെട്ടു. അവിടെ നിന്നാണ് അവരുടെ പ്രണയം ആരംഭിക്കുന്നത്. ഇപ്പോഴും ഡാഡി എന്റെ മമ്മിയുടെ പേര് ഒന്നും മാറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ അവസാനനാളുകള്‍ വരെ സാവി എന്നാണ് മമ്മിയെ വിളിച്ചത്. മമ്മിയെ കൊണ്ട് ഇന്നുവരെ നിസ്‌കരിക്കാന്‍ പഠിപ്പിക്കുകയോ മതം മാറാനോ ഒന്നും പറഞ്ഞിട്ടില്ല.

മമ്മി കുറേ കാലം സുഖമില്ലാതെ കിടപ്പിലായിരുന്നു. ഹോംനേഴ്‌സിനെ വെക്കുന്നത് ഒന്നും ഡാഡിക്ക് ഇഷ്ടമല്ലായിരുന്നു. അവരൊന്നും ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ് അദ്ദേഹം ഒറ്റക്കാണ് മമ്മിയെ നോക്കിയത്. എല്ലാ കാര്യങ്ങളും ഡാഡിയാണ് നോക്കിയത്. കുളിപ്പിക്കുന്നത് വരെ അദ്ദേഹമായിരുന്നു,” റഹ്മാന്‍ പറഞ്ഞു.

content highlight: actor rahman about his parents love affair