ഇത് കുറ്റകൃത്യം തന്നെയാണ്, ചെയ്യുന്നതിന് മുന്‍പ് രണ്ട് തവണ ആലോചിക്കുക; കോള്‍ഡ് കേസ് ട്വിസ്റ്റുകള്‍ വെളിപ്പെടുത്തുന്നവര്‍ക്കെതിരെ പൃഥ്വിരാജ്
Entertainment
ഇത് കുറ്റകൃത്യം തന്നെയാണ്, ചെയ്യുന്നതിന് മുന്‍പ് രണ്ട് തവണ ആലോചിക്കുക; കോള്‍ഡ് കേസ് ട്വിസ്റ്റുകള്‍ വെളിപ്പെടുത്തുന്നവര്‍ക്കെതിരെ പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st July 2021, 9:22 am

പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ ക്ലൈമാക്‌സും മറ്റു പ്രധാന പോയിന്റുകളും പുറത്തുവിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ്.

മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചിത്രത്തിലെ ക്ലൈമാക്‌സും മറ്റു പ്രധാന പോയിന്റുകളും പുറത്തുവിടുന്നത് കുറ്റകൃത്യം തന്നെയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ആമസോണ്‍ പ്രൈം പുറത്തുവിട്ട വീഡിയോയിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം

‘നിങ്ങള്‍ ഒരു കുറ്റകൃത്യം ചെയ്യുന്നത് വരെയോ മറ്റൊരാളുടെ കുറ്റകൃത്യത്തില്‍ ഭാഗമാകുന്നത് വരെയോ കുറ്റകൃത്യം എന്ന നാലക്ഷര വാക്കിന് നിങ്ങളുടെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല.

നിഗൂഢമായ ഒരു ത്രില്ലര്‍ സിനിമ കണ്ടിട്ട്, മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് ആ സിനിമയുടെ ക്ലൈമാക്‌സോ മറ്റു ട്വിസ്റ്റുകളോ വെളിപ്പെടുത്തുന്നത് ഒരു കുറ്റകൃത്യമാണ്.

സംസാരിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കുക, മറ്റൊരാളുടെ കോള്‍ഡ് കേസ് ത്രില്‍ നശിപ്പിക്കാതിരിക്കുക,’ പൃഥ്വിരാജ് വീഡിയോയില്‍ പറയുന്നു.

‘കോള്‍ഡ് കേസ് ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ മാത്രം’ എന്ന് ഏറെ ഗൗരവത്തോടെ സിനിമയിലെ കഥാപാത്രമായ എ.സി.പി. സത്യജിത്തിനെ ഓര്‍മ്മിപ്പിക്കും വിധം പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് വീഡിയോ അവസാനിപ്പിക്കുന്നത്.

ചിത്രത്തിന്റെ സുപ്രധാന ട്വിസ്റ്റുകള്‍ വെളിപ്പെടുത്തി കൊണ്ടുള്ള പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വന്നതിന് പിന്നാലെയാണ് ആമസോണ്‍ പ്രൈമിന്റെ വീഡിയോ എത്തിയിരിക്കുന്നത്.

പാരാ നോര്‍മല്‍ ആക്ടിവിറ്റീസിന്റെ പശ്ചാത്തലമുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് കോള്‍ഡ് കേസ് ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്.

അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ജൂണ്‍ 30നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസായത്. സമ്മിശ്രമായ പ്രതികരണങ്ങളാണ് കോള്‍ഡ് കേസിനെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Prithviraj against people giving spoilers about Cold Case