കൃഷാന്തിന്റെ സംവിധാനത്തില്‍ പ്രശാന്ത് അലക്‌സാണ്ടര്‍ നായകനായ ചിത്രമാണ് പുരുഷ പ്രേതം. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിലെ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് പ്രശാന്ത് അലക്‌സാണ്ടര്‍.
നാല് വര്‍ഷത്തോളം പുരുഷപ്രേതം എന്ന സിനിമക്ക് വേണ്ടി താന്‍ നടന്നിട്ടുണ്ടെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ ഒരുമാസം മുമ്പ് വിളിച്ച് കഥപറയുകയാണെങ്കില്‍ ചിലപ്പോള്‍ ഇത്രയും നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയില്ലായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കൃഷാന്ത് സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് പറയുമ്പോഴെല്ലാം പറയുന്ന കാര്യം ചേട്ടാ… ഇയാള്‍ ഇരട്ടചങ്കനാണ് പക്ഷെ പകുതി തള്ളാണ് എന്നാണ്. പ്രശ്‌നമുള്ള സ്ഥലത്ത് ഒറ്റക്കാണെങ്കിലും ഇയാള്‍ ചെല്ലും, ഭയങ്കര ധൈര്യമുള്ളയാളാണെന്നൊക്കെ കൃഷാന്ത് പറയാറുണ്ട്.
അവിടെ നിന്ന് ഇയാള്‍ക്ക് ഇടികിട്ടിയാലും ആ കാര്യം മാത്രം ഇയാള്‍ പുറത്ത് പറയില്ലെന്നും പറഞ്ഞു. അവിടെ ഇയാളെ ഹീറോ ആക്കിയിട്ടാണ് തള്ളുക. ആണുങ്ങള്‍ക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. ഏതൊരാളും ചെറിയ മസാലകയറ്റിയിട്ട് കഥകള്‍ അവതരിപ്പിക്കാറുണ്ട്.
എന്നെ ഒരുമാസം മുമ്പേ വിളിച്ചിട്ട് ഷൂട്ടൊക്കെ തുടങ്ങുകയാണെങ്കില്‍ എനിക്ക് ചിലപ്പോള്‍ ഇത്രയും നന്നായിട്ട് ചെയ്യാന്‍ കഴിയില്ലായിരുന്നു. എല്ലാവരും നല്ലതാണെന്ന് പറയുമ്പോള്‍ നാല് വര്‍ഷം ഈ സെബാസ്റ്റിയന്റെ കൂടെ നമ്മള്‍ സഞ്ചരിച്ചിട്ടുണ്ട്.
എനിക്ക് എപ്പോഴും ഒരു തട്ടിപ്പ് മുഖം ഉണ്ടെന്ന് പറയാറുണ്ട്. ഒരു ഉഡായിപ്പ് മുഖമാണ് എന്റേത്. അത് മാറ്റിയെടുത്ത് അയാള്‍ ജെനുവിനാണെന്ന് തോന്നിപ്പിക്കണമെന്നുള്ളത് കൊണ്ട് ഞാന്‍ അതിനായി കുറച്ച് എഫേര്‍ട്ട് എടുത്തു.
സുജാതയുടെ (കഥാപാത്രം) മടിയില്‍ കിടന്ന് കരയുമ്പോള്‍ അയാള്‍ കാമുകനല്ല. അപ്പോള്‍ അവളോട് അയാള്‍ക്ക് പ്രേമമൊന്നുമില്ല. ആ പരിപാടിയൊക്കെ കഴിഞ്ഞപ്പോള്‍ ഇയാള്‍ എന്തൊക്കെയോ ഓര്‍ത്തിട്ടുണ്ടാവും ഇയാള്‍ ആ മടിയില്‍ കിടന്ന് കരയുകയാണ്. പക്ഷെ അപ്പോഴും ഇയാളിലെ പുരുഷന്‍ ഉണരുന്നുണ്ട്,” പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.
content highlight: actor prashanth alaxander about purushapretham