Entertainment news
ലിസ്റ്റിനെ കുരുക്കില്‍ നിന്നും കുരുക്കിലേക്ക് കൊണ്ടുപോയി, ഇതേറ്റുനടത്താന്‍ ബാക്കിയെല്ലാവര്‍ക്കും പേടിയാണ്: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 10, 06:53 am
Friday, 10th March 2023, 12:23 pm

നിവിന്‍ പോളി നായകനായ തുറമുഖം ഒടുവില്‍ ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ലിസ്റ്റിനേക്കുറിച്ചും ചിത്രം ഏറ്റെടുത്ത് നടത്താന്‍ അദ്ദേഹം അനുഭവിച്ച കഷ്ടപാടുകളെക്കുറിച്ചും പറയുകയാണ് നിവിന്‍ പോളി.

തുറമുഖത്തെ സഹായിക്കാന്‍ എത്തിയ ലിസ്റ്റിനെ കുരുക്കില്‍ നിന്നും കുരുക്കിലേക്ക് കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം ആയതുകൊണ്ട് മാത്രമാണ് തുറമുഖത്തിന്റെ പുറകെ നടന്നതെന്നും നിവിന്‍ പറഞ്ഞു.

എല്ലാവര്‍ക്കും ചിത്രം ഏറ്റടുത്ത് നടത്താന്‍ പേടിയായ ഘട്ടത്തിലാണ് ലിസ്റ്റിന്‍ തിയേറ്ററില്‍ എത്തിക്കാന്‍ പരിശ്രമിച്ചതെന്നും നിവിന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലിസ്റ്റിന്‍ സ്റ്റീഫന് അറിയാം എല്ലാ പ്രശ്നങ്ങളും. ഇപ്പോഴും ലിസ്റ്റിന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പടത്തിനെ സഹായിക്കാന്‍ വന്ന ലിസ്റ്റിനെ കുരുക്കില്‍ നിന്ന് കുരുക്കിലേക്ക് കൊണ്ടുപോയി ഇവിടെവരെ എത്തിച്ചിരിക്കുകയാണ്.

ലിസ്റ്റിന്‍ ആയതുകൊണ്ടാണ് ഇതിന്റെ പിറകെ നടന്ന് ഓരോന്ന് ചെയ്യുന്നത്. ബാക്കിയെല്ലാവര്‍ക്കും ഇതേറ്റുനടത്താന്‍ പേടിയാണ്. ഒരു കുരുക്കല്ല. ഒരെണ്ണം അഴിക്കുമ്പോള്‍ ബാക്കി പത്തെണ്ണം അപ്പുറത്തുകൂടിയിട്ട് പൂട്ടുകയാണ്.

ഇതെല്ലാം പൈസയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വേറൊരു മനോഭാവമാണ്. സിനിമയെ സ്നേഹിക്കുന്ന ഒരാളും ഇങ്ങനെ ചെയ്യില്ല. ഞാനുള്‍പ്പെടെ മിക്കവരും പ്രതിഫലം പോലും വേണ്ടെന്നുവച്ചു. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കേ അതിനേക്കാള്‍ ഇരട്ടി പൈസ സിനിമയ്ക്ക് ആയതിന് കാരണം എന്തോ ഫിനാന്‍ഷ്യല്‍ പരിപാടി ഇതിനുള്ളില്‍ നടന്നിട്ടുണ്ട് എന്നതിനാലാണ്.

മലയാളത്തില്‍ വേറൊരു സിനിമയ്ക്കും ഇതുപോലൊരവസ്ഥ ഉണ്ടാവാതിരിക്കാന്‍ ഉചിതമായ തീരുമാനങ്ങള്‍ ബന്ധപ്പെട്ടവരെടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അത് സംഘടനകളുടെ ഭാഗത്തുനിന്ന് തീരുമാനിക്കേണ്ടതാണ്,” നിവിന്‍ പോളി പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തി. അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

content highlight: actor nivin pauly about listin stephen