ജഗതിച്ചേട്ടന്‍ അത് കാണുകയും വിളിച്ചു പറയുകയും ചെയ്തതുകൊണ്ട് മാത്രം ലാലേട്ടന്‍ ഇപ്പോഴും നമുക്കിടയിലുണ്ട്; തലനാരിഴക്ക് മോഹന്‍ലാല്‍ രക്ഷപ്പെട്ട കഥ പറഞ്ഞ് നന്ദു
കിലുക്കം സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ അപകടത്തില്‍ നിന്ന് മോഹന്‍ലാല്‍ തലനാരിഴക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച് നടന്‍ നന്ദുലാല്‍. വനിത മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നന്ദു അനുഭവം പങ്കുവെച്ചത്.
കിലുക്കത്തിലെ ഊട്ടിപട്ടണം എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടക്ക് മോഹന്‍ലാലും ജഗതിയും ട്രെയിനിന് മുകളില്‍ നില്‍ക്കുന്ന സമയത്താണ് അപകടസാധ്യതയുണ്ടായതെന്ന് നന്ദു പറയുന്നു. വളവു തിരിഞ്ഞ് സാമാന്യം വേഗത്തില്‍ ട്രെയിന്‍ വരുമ്പോള്‍ ലാലേ കുനിഞ്ഞോ എന്ന് വലിയ ശബ്ദത്തില്‍ ജഗതി നിലവിളിച്ചുവെന്നും ട്രെയിനിന് മുകളില്‍ നിന്ന ജഗതിയും മോഹന്‍ലാലും പെട്ടെന്ന് കുനിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
പാളത്തിന് കുറുകെ വലിച്ചു കെട്ടിയ കമ്പിയില്‍ കുടുങ്ങാതെ മോഹന്‍ലാല്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും സംവിധായകന്‍ പ്രിയദര്‍ശനും ക്യാമാറാ സംഘത്തിനുമൊപ്പം താനും സംഭവം നടക്കുന്നതിനരികില്‍ ഉണ്ടായിരുന്നുവെന്നും നന്ദു കൂട്ടിച്ചേര്‍ത്തു.
മറ്റൊരിക്കല്‍ ‘അനിയന്‍ കുഞ്ഞും തന്നാലായത്’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് അമേരിക്കയില്‍ നടക്കുമ്പോള്‍ കുട്ടികള്‍ ഇരിക്കുന്ന സ്ഥലത്തേക്ക് ഭാരമുള്ള ക്യാമറ വീണ് അപകടമില്ലാതെ രക്ഷപ്പെട്ട അനുഭവവും നന്ദു പങ്കുവെച്ചു. ‘ക്യാമാറാമാന്‍ മാറിയതും ക്യാമറ നിലത്ത് വീഴുകയായിരുന്നു. ഒരു നിമിഷം മുന്നേയാണ് ക്യാമറ വീണിരുന്നതെങ്കില്‍ അപകടം സംഭവിക്കുമായിരുന്നു’, നന്ദു പറഞ്ഞു.
തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുന്ന അഭിമുഖത്തിലാണ് നന്ദു ഇക്കാര്യങ്ങളെക്കുറിച്ച് വിവരിച്ചത്.