Entertainment news
എന്റെ സിനിമാ ജീവിതത്തിലെ എല്ലാ കഥയും വെട്ടിത്തുറന്ന് എഴുതുന്നുവെന്ന് പറഞ്ഞാല്‍, അങ്ങനെ ചെയ്യരുതേ എന്ന്‌ പറഞ്ഞ് മമ്മൂട്ടിയും മോഹന്‍ലാലും വരെയെനിക്ക് ലക്ഷങ്ങള്‍ തരും: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 17, 04:41 pm
Friday, 17th March 2023, 10:11 pm

മമ്മൂട്ടിക്കും മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പമുള്ള പഴയ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. അവര്‍ക്കൊപ്പം ഒരു മീറ്റിങ്ങില്‍ പങ്കെടുത്തപ്പോള്‍ താന്‍ പറഞ്ഞൊരു രസകരമായ സംഭവത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഒരു സിനിമാക്കാരനെ സംബന്ധിച്ച് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമോ എന്ന ഭയം എപ്പോഴുമുണ്ടാകുമെന്നും എന്നാല്‍ തനിക്കതില്ലെന്നും മുകേഷ് പറഞ്ഞു.

തനിക്ക് ടെന്‍ഷനില്ലാത്തതിന്റെ കാരണവും അദ്ദേഹം രസകരമായി പറയുന്നുണ്ട്. സിനിമയില്ലാതായി തനിക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി വന്നാല്‍, തന്റെ സിനിമാ ജീവിതത്തിലെ എല്ലാ കഥയും തുറന്ന് എഴുതുന്നുവെന്ന് പറഞ്ഞ് മാഗസിനില്‍ പരസ്യം കൊടുക്കുമെന്നും അപ്പോള്‍ എഴുതരുതേ എന്ന് പറഞ്ഞ് മമ്മൂട്ടിയും മോഹന്‍ലാലും വരെ തനിക്ക് ലക്ഷങ്ങള്‍ തരുമെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ മുകേഷ് പറഞ്ഞു.

‘പ്രിയദര്‍ശന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരെല്ലാം എന്തോ ഒരു മീറ്റിങ്ങിന് വന്നിട്ട് മുറിക്കകത്തിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇങ്ങനെ തമാശയൊക്കെ പറഞ്ഞിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് ജീവിതത്തില്‍ വലിയ ടെന്‍ഷനൊന്നുമില്ലെന്ന്. അപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞു ഓ ഭാഗ്യവാനെന്ന്. പിന്നെ അവര്‍ അവരുടെ കാര്യങ്ങളുമൊക്കെയായി പോയി.

പക്ഷെ പ്രിയദര്‍ശന്‍ ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ഭയങ്കര സൂഷ്മതയുള്ള ആളാണ്. അപ്പോള്‍ പുള്ളി എന്നെ നോക്കിയിട്ട് പറഞ്ഞു നിനക്ക് മാത്രമെന്താ ഒരു ടെന്‍ഷനുമില്ലാത്തതെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ടെന്‍ഷനില്ലാത്തത് കൊണ്ടാണെന്ന്. അതിന്റെ കാരണമെന്താണെന്ന് പുള്ളി ചോദിച്ചു. ഞാന്‍ എന്തോ പറയാനായി ശ്രമിക്കുന്നുണ്ടെന്ന് പുള്ളിക്ക് മനസിലായി, അത് പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്.

അങ്ങനെ ഞാന്‍ പറഞ്ഞ് തുടങ്ങി. ഒരു മനുഷ്യന് ടെന്‍ഷന്‍ വരണമെങ്കില്‍ ഒന്നെങ്കില്‍ പ്രായമാകുമ്പോള്‍ ചികിത്സക്ക് കാശില്ലാതാകുമോ എന്ന പേടിയൊക്കെയാണ് ഉണ്ടാകുന്നത്. സിനിമാക്കാരെ സംബന്ധിച്ച് എന്തെങ്കിലും സാമ്പത്തിക പ്രശ്‌നമൊക്കെ വരുമോ എന്ന ഒരു അങ്കലാപ്പ് എല്ലായ്‌പ്പോഴും ഉണ്ടാകും. അപ്പോള്‍ പ്രിയന്‍ പറഞ്ഞു, തീര്‍ച്ചയായും അങ്ങനെയുണ്ടാകും പക്ഷെ നിനക്ക് എന്തുകൊണ്ടാണ് ടെന്‍ഷനില്ലാത്തതെന്ന്  പ്രിയന്‍ ചോദിച്ചു.

അങ്ങനെയൊരു സ്ഥിതി എനിക്ക് വന്നാല്‍ അപ്പോള്‍ തന്നെ ഞാന്‍ ഒരു മാസികക്ക് അകത്ത് അനൗണ്‍സ് ചെയ്യും, നടന്‍ മുകേഷ് തന്റെ സിനിമാ ജീവിതത്തിലെ എല്ലാ കഥകളും ഒരു മറയുമില്ലാതെ വെട്ടിത്തുറന്ന് എഴുതുന്നു എന്ന്. അങ്ങനെ ഞാന്‍  ചെയ്ത് കഴിഞ്ഞാല്‍ ഈ ഇരിക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും തന്നെ ഒന്നും പറയരുതേ എന്ന് പറഞ്ഞ് എത്രലക്ഷം രൂപ എനിക്ക് തരുമായിരിക്കുമെന്ന് ഓര്‍ത്തു നോക്ക്,’ മുകേഷ് പറഞ്ഞു.

content highlight: actor mukesh share funny experience with mammootty and mohanlal