ഇവരാരേലും തിരിച്ചുവന്നില്ലെങ്കില്‍ നീയും പെടും ഞാനും പെടും; മോഹന്‍ലാലിന് കൊടുത്ത പണി തിരിച്ചടിച്ച കഥ പറഞ്ഞ് മുകേഷ്
Entertainment
ഇവരാരേലും തിരിച്ചുവന്നില്ലെങ്കില്‍ നീയും പെടും ഞാനും പെടും; മോഹന്‍ലാലിന് കൊടുത്ത പണി തിരിച്ചടിച്ച കഥ പറഞ്ഞ് മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st October 2021, 8:13 pm

മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ട് ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആളുകള്‍ക്ക് സുപരിചിതമാണ്. സിനിമകള്‍ക്ക് പുറമെ നിരവധി സ്റ്റേജ് ഷോകളിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ ഒരു അമേരിക്കന്‍ പ്രോഗ്രാമിനെക്കുറിച്ചുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബ്രഹ്മാണ്ഡ സ്റ്റേജ് ഷോയുമായി മലയാള സിനിമാ പ്രവര്‍ത്തകര്‍ അമേരിക്കയിലേക്ക് പോകുന്നു. പ്രിയദര്‍ശനും ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ജയറാമും ശോഭനയും കെ.പി.എ.സി ലളിതയും നഗ്മയും കനകയുമുള്ള വലിയ സംഘമായിരുന്നു അതെന്ന് മുകേഷ് പറയുന്നു.

എന്നാല്‍ പോകാന്‍ എല്ലാം ഉറച്ച ശേഷം ഉണ്ടായ ഒരു പ്രശ്‌നവും അത് പരിഹരിക്കുന്നതിനായി ഒപ്പിച്ച കുസൃതിയേയും കുറിച്ചാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

കെ.പി.എ.സി ലളിത അമേരിക്കയിലേക്ക് രണ്ട് മക്കളേയും കൂട്ടിയിരുന്നു (സിദ്ധാര്‍ത്ഥും ശ്രീക്കുട്ടിയും). ഇവര്‍ക്ക് 18,19 ഒക്കെയായിരുന്നു അന്ന് പ്രായം.

ചെറിയ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ ഈ പ്രായത്തിലുള്ളവര്‍ക്ക് എംബസി വിസ അനുവദിക്കില്ല. ഇതോടെ ആകെ പ്രശ്‌നമായി.

മക്കളില്ലാതെ താന്‍ വരില്ലെന്ന് ലളിത ചേച്ചി തീര്‍ത്തുപറഞ്ഞു. ലളിത ചേച്ചിയെ മാറ്റി പ്രോഗ്രാമിനെക്കുറിച്ച് ആലോചിക്കാനും വയ്യ.

ഇത്തരത്തില്‍ ആകെ വലഞ്ഞ സമയത്താണ് എംബസി ഉദ്യോഗസ്ഥന്‍ മോഹന്‍ലാല്‍ ഫാനാണെന്ന് അറിയുന്നത്. അദ്ദേഹം അപ്പോള്‍ മോഹന്‍ലാല്‍ ഒരു ഉറപ്പ് തന്നാല്‍ എല്ലാവര്‍ക്കും വിസ അനുവദിക്കാമെന്ന് പറഞ്ഞു.


എല്ലാവരും തിരിച്ച് നാട്ടിലേക്ക് തന്നെ വരുമെന്ന ഉറപ്പാണ് കൊടുക്കേണ്ടത്. അഭിനേതാക്കളും അസിസ്റ്റന്റ്‌സും ടെക്‌നീഷ്യന്‍മാരും ഒക്കെയുള്ള സംഘമാണ്.

ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവെച്ചപ്പോള്‍ എല്ലാവരും എന്ത് പറയണമെന്നറിയാതെ നില്‍ക്കുകയാണ്. ഞാന്‍ അപ്പോള്‍ ചാടിക്കേറി ഓക്കെ എന്ന് പറയുകയായിരുന്നു. മോഹന്‍ലാലിന്റെ മുഖത്ത് അപ്പോള്‍ ഒരു ഞെട്ടലൊക്കെയുണ്ട്.

കാരണം ആരെങ്കിലും തിരിച്ചുവന്നില്ലെങ്കില്‍ മോഹന്‍ലാലിനെ കരിമ്പട്ടികയില്‍പ്പെടുത്തും. പിന്നെ അദ്ദേഹത്തിന് അമേരിക്കയിലേക്ക് പോകാനൊക്കില്ല.

ഞാന്‍ ഓക്കെ പറഞ്ഞതോടെ മോഹന്‍ലാല്‍ ആ എംബസി ഉദ്യോഗസ്ഥന്റെ കൂടെ ഓഫീസിനുള്ളിലേക്ക് പോയി. കുറച്ചുകഴിഞ്ഞ ശേഷം തിരിച്ചുവന്ന് ഞങ്ങള്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു.

കാറിലേക്ക് കയറാന്‍ നേരത്ത് മോഹന്‍ലാല്‍ എന്റടുത്ത് വന്ന് പറഞ്ഞു. കാര്യമൊക്കെ ശരി തന്നെ നീ ഒന്ന് ശ്രദ്ധിച്ചോണം.

അപ്പോള്‍ ഞാന്‍ ചോദിച്ച് എന്ത് ശ്രദ്ധിക്കാന്‍? ഈ 44 പേരും തിരിച്ചുവരണം. അല്ലെങ്കില്‍ നിനക്ക് കുഴപ്പമാണ്.

ഞാന്‍ ചോദിച്ചു, എനിക്കെന്ത് കുഴപ്പം? നിങ്ങളുടെ കാര്യമല്ലേ പറഞ്ഞത്.

അപ്പോള്‍ ലാല്‍ പറഞ്ഞു, അതേ.. അതാണ് ഞാനകത്ത് കയറിയത്. ഞാനവിടന്ന് പറഞ്ഞു എനിക്ക് ലീഡറെന്ന നിലയില്‍ എല്ലാം ശ്രദ്ധിക്കാന്‍ പറ്റില്ല. അതുകൊണ്ട് എന്റെ കൂടെ ഉള്ള മുകേഷിന്റെ കൂടെ പേര് ചേര്‍ക്കണം, ഈ സംഘത്തിലെ ആരെങ്കിലും വന്നില്ലെങ്കില്‍ അദ്ദേഹത്തിനെക്കൂടെ കരിമ്പട്ടികയില്‍പ്പെടുത്തണം എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു.

പിന്നീട് ടെന്‍ഷന്റെ ദിവസങ്ങളായിരുന്നു. റിഹേഴ്‌സല്‍ നടക്കുമ്പോഴെല്ലാം മോഹന്‍ലാല്‍ വന്ന് പറയും അയാളെ കാണാനില്ല കേട്ടോ, ഇയാളില്ല കേട്ടോ എന്നൊക്കെ.

പിന്നീട് ഷോ ഒക്കെ കഴിഞ്ഞ് എല്ലാവരേയും പറഞ്ഞ് വിട്ടശേഷമാണ് എന്റെ പേര് കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്ന് മോഹന്‍ലാല്‍ വെറുതെ പറഞ്ഞതാണെന്ന് മനസിലായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mukesh about Actor Mohanlal on American Show