ചാനല്‍ പരിപാടിക്കിടെ നടന്‍ മനോജ് കെ. ജയനെ കുറിച്ച് രമേഷ് പിഷാരടി പങ്കുവെച്ച അനുഭവം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഇപ്പോള്‍ ആ വീഡിയോ പങ്കുവെച്ചുകൊണ്ട് മനോജ് കെ. ജയന്‍ എഴുതിയ ചില വാചകങ്ങളും അതിന് രമേഷ് പിഷാരടി നല്‍കിയ മറുപടിയുമാണ് ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
രമേഷ് പിഷാരടി പറഞ്ഞ കഥയില്‍ താന്‍ ദേഷ്യപ്പെട്ടു എന്നു പറയുന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ശരിയാണെന്നായിരുന്നു മനോജ് കെ. ജയന്‍ ഫേസ്ബുക്കിലെഴുതിയത്. ‘ഒരു കയ്യബദ്ധം നാറ്റിക്കരുത്’ എന്നാണ് മനോജ് കെ. ജയന്റെ പോസ്റ്റിന് താഴെ പിഷാരടി കമന്റ് ചെയ്തത്.
സ്റ്റേജ് ഷോയുടെ ഭാഗമായി വിദേശത്ത് ട്രൂപ്പിനൊപ്പം പോയ സമയത്ത് മനോജ് കെ. ജയനൊപ്പം ഷോപ്പിംഗിന് പോയ അനുഭവമായിരുന്നു പിഷാരടി പങ്കുവെച്ചത്.
എനിക്ക് വില കുറവില്‍ സാധനങ്ങള്‍ കിട്ടുന്ന സ്ഥലത്ത് പോയാലേ വാങ്ങാനാകൂ. മനോജേട്ടന്‍ ഷോപ്പിംഗിന് എന്നെയും കൂട്ടി പോയി. ബ്രാന്‍ഡഡ് ടീ ഷര്‍ട്ടുകള്‍ കിട്ടുന്ന കടയിലേക്കാണ് പോയത്. എനിക്ക് മാത്രം ഒന്നും വാങ്ങാന്‍ പറ്റില്ലല്ലോയെന്ന വിഷമത്തിലായിരുന്നു ഞാന്‍. നമ്മള്‍ അന്നൊക്കെ വാങ്ങുന്ന വസ്ത്രത്തിന്റെ പത്തിരട്ടി വിലയുള്ള ഷര്‍ട്ടുകളാണ് അവിടെയുള്ളത്.
ആ കടയില്‍ ഒരു ഓഫറുണ്ടായിരുന്നു. ഒരു ടി ഷര്‍ട്ട് വാങ്ങിയാല്‍ രണ്ടാമത് വാങ്ങുന്ന ടി ഷര്‍ട്ടിന് പകുതി വില കൊടുത്താല്‍ മതി. മനോജേട്ടന് ഒരു ടി ഷര്‍ട്ട് നല്ല ഇഷ്ടമായി. അതിന് ഒരു 100 ഡോളറാണെന്ന് വെച്ചോളൂ.
അദ്ദേഹത്തിന് അവിടെയുള്ള മറ്റൊന്നും ഇഷ്ടമായില്ല. അതാണെങ്കില്‍ നല്ല ഗംഭീര ടി ഷര്‍ട്ടും. അപ്പോള്‍ മനോജേട്ടന്‍ അവിടെ നിന്ന് എന്നോടും എന്തെങ്കിലും വാങ്ങിക്കോളാന്‍ പറഞ്ഞു. പകുതി വിലയല്ലേ ഉണ്ടാവൂ എന്ന് ചോദിച്ച ശേഷം ഞാന്‍ മനോജേട്ടന്‍ വാങ്ങിയ അതേ ടി ഷര്‍ട്ട് പകുതി വിലയ്ക്ക് വാങ്ങി.
അതോടെ പുള്ളിക്കാരന്‍ ദേഷ്യത്തിലായി. മിണ്ടുന്നില്ല. ഞാന്‍ നൂറ് രൂപയ്ക്ക് വാങ്ങിയ ടി ഷര്‍ട്ട് നീ അമ്പത് രൂപയ്ക്ക് വാങ്ങിയല്ലോ എന്ന് ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല
നാട്ടിലെത്തി മാസങ്ങള്‍ക്ക് ശേഷം അമ്മയുടെ മീറ്റിംഗ് നടക്കുന്നതിന്റേ തലേ ദിവസം മനോജേട്ടന്‍ എന്നെ വിളിച്ച് ‘നീ ആ ടി ഷര്‍ട്ടാണോ ഇടുന്നത്’ എന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞപ്പോള്‍, ആ നീ അത് ഇടണ്ട, ഞാനതാണ് ഇടുന്നത് എന്ന് പറഞ്ഞു,- ഇതായിരുന്നു രമേഷ് പിഷാരടി പങ്കുവെച്ച അനുഭവം.
ഇതില്‍ ദേഷ്യപ്പെട്ടു എന്ന ഭാഗം മാത്രം ശരിയല്ലെന്നായിരുന്നു മനോജ് കെ. ജയന്‍ ഫേസ്ബുക്കിലെഴുതിയത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. പിഷാരടി പറയുന്നത് മുഴുവന്‍ തള്ളുക്കഥയല്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ എന്നാണ് ചിലര്‍ തമാശരൂപത്തില്‍ ചോദിക്കുന്നത്.