Entertainment news
ആ പെണ്‍കുട്ടി ആവേശത്തോടെ കൈവീശി കാണിച്ചപ്പോള്‍ 'ഹായ്' എന്നാണ് ഞങ്ങള്‍ വിചാരിച്ചത്; 'ഇങ്ങോട്ട് വരല്ലേ' എന്നാണ് പറഞ്ഞതെന്ന് ചെന്നപ്പോഴാണ് മനസിലായത്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 04, 05:20 pm
Tuesday, 4th October 2022, 10:50 pm

പണ്ട് ക്രിസ്മസ് ആഘോഷത്തിനിടെ ഒരു പട്ടിയുടെ മുന്നില്‍ കുടുങ്ങിപ്പോയതിന്റെ രസകരമായ അനുഭവം പറയുകയാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പഴയകാല ഓര്‍മ പങ്കുവെച്ചത്.

കരോള്‍ ടീമിന്റെ കൂടെ ആവേശത്തോടെ ഇറങ്ങിപ്പുറപ്പെട്ടതും ഒരു വീട്ടിന്റെ ഗേറ്റ് കടന്നപ്പോള്‍ അവിടത്തെ പട്ടിയുടെ മുന്നില്‍ പെട്ട് പോയതും ഒടുവില്‍ ‘സാഹസികമായി’ അവിടെ നിന്ന് രക്ഷപ്പെട്ടതുമായുള്ള കഥയാണ് മലയാളികളുടെ ‘ചാക്കോച്ചന്‍’ പറയുന്നത്.

”പണ്ട് ആലപ്പുഴയില്‍ ക്രിസ്മസിന്റെ സമയത്ത് ഒരു കരോള്‍ ടീമിന്റെ കൂടെ ഞാനും പോയി. തീര്‍ച്ചയായും നല്ല സുന്ദരിമാരായ പെണ്‍കുട്ടികളുള്ള വീടുകളാണ് നമ്മുടെ ലക്ഷ്യം.

അങ്ങനെയൊരു വീട് ടാര്‍ഗറ്റ് ചെയ്താണ് പോയത്. ഈ വീടിന്റെ ഗേറ്റും വീടും തമ്മില്‍ നല്ല ദൂരമുണ്ട്. വലിയ മുറ്റമായിരുന്നു. ഞങ്ങളൊക്കെ ഇടിച്ചുപൊളിച്ച് അങ്ങോട്ട് കയറി.

അവിടന്ന് ആ പെണ്‍കുട്ടിയിങ്ങനെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ട് ജോളിയായി ‘ഹായ്’ എന്ന് കാണിക്കുകയായിരിക്കും എന്ന് വിചാരിച്ച് അങ്ങോട്ട് കയറിച്ചെന്നപ്പോഴാണ് മനസിലായത്, കൈവീശിക്കൊണ്ട് ‘ഇങ്ങോട്ട് വരല്ലേ, വരല്ലേ’ എന്നാണ് പുള്ളിക്കാരി കാണിച്ചുകൊണ്ടിരുന്നത്.

കാരണം പുള്ളിക്കാരി തന്നെ ഈ പട്ടിയെ പേടിച്ച് വീട്ടില്‍ കയറി ഇരിക്കുകയാണ്. ആ സമയത്താണ് ഞങ്ങള്‍ ‘ധൈര്യപൂര്‍വം’ അങ്ങോട്ട് കയറിച്ചെല്ലുന്നത്.

ഞാനാണ് ആവേശം കാരണം മുമ്പില്‍ തന്നെ കയറിച്ചെല്ലുന്നത്. അവിടെ ചെന്നപ്പോഴേക്കും നല്ലൊരു ഉഗ്രന്‍ സാധനം (പട്ടി) ഇങ്ങനെ നില്‍ക്കുകയാണ്.

സിനിമയില്‍ കാണുന്നത് പോലെ കൂടെയുള്ളവരൊക്കെ അപ്പോഴേക്കും പോയി, അവരൊക്കെ രക്ഷപ്പെട്ടു. ഞാനും ഈ പട്ടിയും കൂടെ സ്റ്റക്കായി നില്‍ക്കുകയാണ്. ‘ഇവന്‍ ഒറ്റക്കിങ്ങനെ വന്ന് നില്‍ക്കുന്നു,’ എന്ന് പട്ടിക്കും ഭയങ്കര സംശയം.

ഞാനാണെങ്കില്‍ എന്ത് ചെയ്യണമെന്നറിയാതെ ഇങ്ങനെ നില്‍ക്കുകയാണ്. ഭാഗ്യത്തിന് വീട്ടില്‍ നിന്നും ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ ഇറങ്ങിവന്ന് പട്ടിയെ വിളിച്ച് കൊണ്ടുപോയി. ഇല്ലെങ്കില്‍ ഈ പരുവത്തിലായിരിക്കില്ല ഞാന്‍ ഉണ്ടാകുക എന്ന് തോന്നുന്നു,” കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട്, അരവിന്ദ് സ്വാമിക്കൊപ്പം ചെയ്ത ‘ഒറ്റ്’ എന്നിവയാണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമകള്‍.

കേരളത്തില്‍ വമ്പന്‍ ഹിറ്റായി മാറിയ ന്നാ താന്‍ കേസ് കൊടിലും കുഞ്ചാക്കോ ബോബന്റെ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെ പട്ടി കടിക്കുന്നതായുള്ള ഒരു സീനുണ്ട്.

Content Highlight: Actor Kunchacko Boban shares an old funny dog experience