Entertainment news
ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമാഘോഷിച്ചപ്പോള്‍ വിഷമം വന്നു; അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്: കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 30, 01:51 pm
Wednesday, 30th March 2022, 7:21 pm

തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ മലയാളി മനസുകളിലിടം നേടിയ താരമാണ് കൃഷ്ണ. എന്നാല്‍ തനിക്ക് പിന്നീട് സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നാണ് കൃഷ്ണ പറയുന്നത്.

അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പകരം തന്നെയായിരുന്നു തെരഞ്ഞെടുത്തിരുന്നതെന്നും അദ്ദേഹം സിനിമയില്‍ വന്ന് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ആഘോഷിച്ചപ്പോള്‍ വിഷമം തോന്നിയെന്നുമാണ് താരം പറയുന്നത്.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുന്നത്.

‘ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എന്റര്‍ ചെയ്യുന്നത്. ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാമത്തെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു. കാരണം, അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കാ പടം പോയി. ഞാനും സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി. ഞാനും സീനിയറായി ആ ലെവലില്‍ നില്‍ക്കേണ്ട ആളാണ്. സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവും കൊണ്ടുതരുന്ന ഒരു അവസരമാണ്.

ഇപ്പോഴത്തെ സിനിമയില്‍ നമ്മളൊന്നും അത്ര മസ്റ്റല്ല, കാരണം ഒരപാട് ആക്ടേഴ്‌സുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കില്‍ അടുത്തയാള്‍ അത്രയുള്ളു. നമ്മളങ്ങനെ രണ്ട് മൂന്ന് സിനിമകള്‍ സെറ്റ് ചെയ്ത് വെക്കും, പിന്നെയായിരിക്കും, ആ ആര്‍ട്ടിസ്റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നത്. അതിലേക്ക് വലിയ ഏതെങ്കിലും താരം എത്തിക്കാണും.

അനിയത്തിപ്രാവില്‍ എന്റെ കാര്യത്തില്‍ എന്തോ ഒരു കണ്‍ഫ്യൂഷന്‍ വന്നു ആ സമയത്താണ് കുഞ്ചാക്കോ ബോബന്‍ കേറിപോയത്. അന്ന് തുടങ്ങിയ സമയദോഷമാണ് എന്റേത്. ആ സമയദോഷം ഇന്നും നിലനിന്ന് പോവുന്നുണ്ട്,’ കൃഷ്ണ പറയുന്നു.

Content Highlights: Actor Krishna says about Aniyathipravu and Kunchako Boban