തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ റോഡ് അറ്റകുറ്റപ്പണിയെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. പി.ഡബ്ല്യു.ഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പലയിടങ്ങളിലെ റോഡുകളും മോശം അവസ്ഥയിലാണെന്നും ഇത്തരം റോഡുകളില്‍ വീണ് മരിക്കുന്ന മനുഷ്യരോട് ആര് സമാധാനം പറയുമെന്നും അദ്ദേഹം ചോദിച്ചു.
മഴയാണ് തടസമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാവില്ലെന്ന് ജയസൂര്യ പറഞ്ഞു.
‘റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. ലോണെടുത്തും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചുമാണ് പലരും നികുതി അടക്കുന്നത്. അങ്ങനെയുള്ളവരോട് ഒഴിവുകഴിവുകള്‍ പറയരുത്,’ അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണില്‍ പോകുകയുണ്ടായി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെ എത്തണമെങ്കില്‍ എത്ര മണിക്കൂറുകളാണെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘ഞാന്‍ അപ്പോള്‍ മന്ത്രി റിയാസിനെ വിളിച്ചു. എന്നെ ഹോള്‍ഡില്‍ വച്ച് അപ്പോള്‍ തന്നെ അതിനുള്ള കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു. അതാണ് റിയാസ് എന്ന വ്യക്തിയോടുള്ള താത്പര്യം,’ ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാര്‍ക്കാണെന്ന് മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.