കോമഡി വേഷങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ്. എന്നാല്‍ ഇപ്പോള്‍ അത്തരം വേഷങ്ങളിലേക്ക് തന്നെ ആരും വിളിക്കുന്നില്ലെന്നും താരം പറഞ്ഞു. കോമഡി വേഷങ്ങള്‍ ചെയ്യുമ്പോഴാണ് ആളുകളുടെ മുഖത്ത് ചിരി ഉണ്ടാവുകയുള്ളു എന്നും, അല്ലെങ്കില്‍ തന്നെ കാണുമ്പോള്‍ സഹതാപമാണ് കാണിക്കുന്നത് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.
ലൂയിസ് സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘കോമഡി വേഷങ്ങള്‍ ആരും എനിക്ക് ഇപ്പോള്‍ തരുന്നില്ല. ഞാന്‍ പലരെയും വിളിച്ച് പറഞ്ഞിട്ടുണ്ട്, നമുക്ക് പഴയതുപോലെ കളിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന്. അടുത്തിടെ മിഥുന്‍ മാനുവലിന്റെ അര്‍ദ്ധരാത്രിയിലെ കുട എന്നൊരു സിനിമ ഞാന്‍ ചെയ്തിരുന്നു. അതില്‍ കോമഡിയാണ് ഞാന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
ആ സിനിമ ഇങ്ങനെ ഇറങ്ങാന്‍ വൈകി വൈകി ഇരിക്കുകയാണ്. സമയമൊക്കെ നോക്കി ഇറക്കാനായിരിക്കുമെന്ന് കരുതുന്നു. ഇടക്ക് കുറച്ച് ഹാസ്യ സിനിമകളൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഷാഫിയുടെ ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമയൊക്കെ അത്തരത്തിലുള്ളതാണ്.
ഇടക്ക് എപ്പോഴോ ഞാന്‍ വഴിതെറ്റി പോയെന്ന് തോന്നുന്നില്ലെ (ചിരിക്കുന്നു).ഇനി എന്റെ വഴിയിലേക്ക് തിരിച്ച് വരണം എന്നാണ് കരുതുന്നത്. എന്റെ ശരീരമൊക്കെ ആ രീതിയിലേക്ക് ഞാന്‍ കൊണ്ടുവരുന്നുണ്ട്. കോമഡി ചെയ്യുമ്പോള്‍ മാത്രമാണ് ഒരു ഉത്സാഹമുള്ളു. അല്ലെങ്കില്‍ എവിടെയെങ്കിലും വെച്ച് കാണുമ്പോള്‍ ആളുകള്‍ക്ക് അയ്യോ എന്ന തോന്നലാണ്.
ഇപ്പോള്‍ കോമഡി എഴുതാന്‍ ആളില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ ആര്‍ക്കും നേരമില്ലായിരിക്കും. ചിലപ്പോള്‍ എഴുതുന്ന കോമഡിയൊക്കെ വര്‍ക്കൗട്ട് ആകുമോ എന്ന പേടികൊണ്ടായിരിക്കും. സമയമെടുത്ത് ഇങ്ങനെ ചെയ്ത് വരുമ്പോള്‍ എഡിറ്റര്‍ക്ക് ഒക്കെ പണിയല്ലെ അങ്ങനെ വേണ്ടെന്ന് വെക്കുന്നതായിരിക്കും.
എങ്ങനെയാണ് എന്നറിയില്ല പഴയ കോമഡി ഇപ്പോഴും ആഘോഷിക്കപ്പെടുന്നുണ്ട്. പഴയതുപോലെയുള്ള സിനിമകള്‍ ആരെങ്കിലും ഒക്കെ ചെയ്താല്‍ മതി. അതൊക്കെ നടക്കുമായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്,’ ഇന്ദ്രന്‍സ് പറഞ്ഞു.
ഷാബു ഉസ്മാന്‍ സംവിധാനം ചെയ്ത് നവംബര്‍ 25ന് തിയേറ്ററിലെത്തിയ ലൂയിസാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മനോജ് കെ.ജയന്‍, സായ്കുമാര്‍, ലെന, ജോയ് മാത്യു, ദിവ്യ പിള്ളൈ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
content highlight: actor indrans talks about his new movie