ആനപ്പുറത്ത് കയറി ഇരുന്നപ്പോള്‍ ഞാന്‍ അലറി വിളിച്ചു, അതിന് പരിഹാരം കണ്ടുപിടിച്ചത് അമ്പിളി ചേട്ടനായിരുന്നു: ഗിന്നസ് പക്രു
Entertainment news
ആനപ്പുറത്ത് കയറി ഇരുന്നപ്പോള്‍ ഞാന്‍ അലറി വിളിച്ചു, അതിന് പരിഹാരം കണ്ടുപിടിച്ചത് അമ്പിളി ചേട്ടനായിരുന്നു: ഗിന്നസ് പക്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th December 2022, 3:35 pm

 

 

സിനിമയിലേക്ക് വന്നതിന് ശേഷം ആദ്യമായി ക്യാമറക്ക് മുമ്പില്‍ വന്നതിനെ കുറിച്ച് പറയുകയാണ് നടന്‍ ഗിന്നസ് പക്രു. ആദ്യമായി താന്‍ അഭിനയിച്ച സിനിമ അമ്പിളി അമ്മാവന്‍ ആയിരുന്നുവെന്നും നടന്‍ ജഗതി ശ്രീകുമാര്‍ അന്ന് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

സിനിമയിലെ ആദ്യത്തെ ഷോട്ട് ആനപ്പുറത്ത് കയറുന്നത് ആയിരുന്നെന്നും ആ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ ആനയുടെ തലയിലെ രോമം തന്റെ ദേഹത്ത് കൊണ്ട് അലറി വിളിച്ചെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പക്രു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമയെ അത്ര ഗൗരവമായി കാണാതിരുന്ന സമയത്താണ് ഞാന്‍ ആദ്യ സിനിമയില്‍ അഭിനയുക്കുന്നത്. ആ സിനിമയുടെ പേര് അമ്പിളി അമ്മാവന്‍ എന്നായിരുന്നു. പലപ്പോഴും ആ സിനിമയില്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അമ്പിളി ചേട്ടനാണ്.

ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് എന്നോട് ചോദിച്ചു ആനപ്പുറത്ത് കയറാമോയെന്ന്. എനിക്ക് ആണെങ്കില്‍ ആനയെ ഭയങ്കര ഇഷ്ടമാണ്. സിനിമയിലെ ആദ്യത്തെ ഷോട്ട് തന്നെ ആനപ്പുറത്താണ്. അങ്ങനെ ഞാന്‍ ആനയുടെ പുറത്ത് കയറിയിരുന്നു. ഈ ആനയുടെ തലയില്‍ ഒരു തരത്തിലുള്ള രോമമുണ്ട്.

അത് ദേഹത്ത് കൊണ്ട് കഴിഞ്ഞാല്‍ വലിയ വേദനയാണ്. ഞാന്‍ ആനപ്പുറത്ത് കയറിയിരുന്ന് ഷൂട്ട് തുടങ്ങി. ആനയുടെ രോമം എന്റെ ബാക്കില്‍ കൊണ്ട് ഞാന്‍ അലറി കരയാന്‍ തുടങ്ങി. അവസാനം ആനക്ക് തന്നെ ദേഷ്യം വരുന്ന ഒരു അവസ്ഥയിലേക്ക് പോയി. ആ സമയം ആ രോമമാണെങ്കില്‍ എന്റെ ദേഹത്ത് കുത്തി കയറുകയാണ്.

അവസാനം അമ്പിളി ചേട്ടന്‍ വന്ന് പറഞ്ഞു സാരമില്ലായെന്ന്. എന്നിട്ട് ഒരു തുണി കൊണ്ട് വന്ന് മടക്കി അതിന്റെ പുറത്ത് വിരിച്ചു. എന്നിട്ടാണ് ബാക്കി ഷൂട്ട് ചെയ്തത്. ആ തുണി വിരിച്ച് കഴിഞ്ഞിട്ടും വലിയൊരു സ്‌പേസ് അവിടെ ബാക്കി കിടക്കുകയായിരുന്നു. എന്റെ കാലൊന്നും അപ്പുറത്തും ഇപ്പുറത്തും ഇടാന്‍ പറ്റില്ലായിരുന്നു. അങ്ങനെ ഒരു വിധത്തിലാണ് ഷൂട്ടിങ് തീര്‍ത്തത്.

ആ ഷോട്ട് എടുക്കുമ്പോള്‍ അമ്പിളി ചേട്ടന്‍ എന്റെ പിറകില്‍ പിടിച്ചിട്ടുണ്ടായിരുന്നു. ആനപ്പുറത്ത് ഇരിക്കുന്ന എന്നെ ആന തുമ്പിക്കൈ കൊണ്ട് പൊക്കി താഴെ ഇറക്കുന്നതാണ് സീന്‍. ആദ്യത്തെ തവണ തന്നെ ചെയ്തപ്പോള്‍ തല താഴെയും കാല് മകളിലുമായിരുന്നു. അപ്പോള്‍ തന്നെ എനിക്ക് നല്ല പേടിയുണ്ടായിരുന്നു.

പിന്നെ അമ്പിളി ചേട്ടനാണ് എന്നെ ക്യാമറയുടെ മുമ്പില്‍ നില്‍ക്കാന്‍ പഠിപ്പിച്ചത്. മോനെ അതാണ് ക്യാമറ അങ്ങനെ ചെയ്യു ഇങ്ങനെ ചെയ്യു എന്നൊക്കെ പറഞ്ഞ് തന്നത് അദ്ദേഹമാണ്. എന്നോട് ഭയങ്കര കരുതലായിരുന്നു അദ്ദേഹത്തിന്. അന്നൊക്കെ അമ്പിളി ചേട്ടന്‍ പത്തും പന്ത്രണ്ടും സിനിമകള്‍ ഒരേ സമയം ചെയ്യുമായിരുന്നു,’ ഗിന്നസ് പക്രു പറഞ്ഞു.

content highlight: actor guinness pakru talks about his first movie and jagathy sreekumar