കൊച്ചി: തന്നെയും പിതാവിനെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ആലുവ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തന്നെയും തന്റെ പിതാവിനെയും അപമാനിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്നാണ് പരാതി.
മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണെന്നും അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസ്സിലായത് എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ വാര്‍ത്തകള്‍ നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.
മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന്‍ എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കുമെതിരെയുമാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം 29 നായിരുന്നു മീനാക്ഷി പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ നേരിട്ട് കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദം തേടിയിരുന്നു.
സംഭവത്തില്‍ കേസ് എടുക്കാമെന്ന കോടതിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആലുവ ഈസ്റ്റ് എസ്.ഐയാണ് കേസ് അന്വേഷിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക