തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവും പാര്‍ട്ടി പ്രഖ്യാപനവുമൊക്കെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി തുടരുന്നത്. അതിനിടയില്‍ രജനീകാന്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നടന്‍ ദേവന്‍ മുന്‍പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
രജനീകാന്തിന് രാഷ്ട്രീയം പറ്റില്ലെന്നാണ് കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞിട്ടുള്ളത്. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും ദേവന്‍ പറഞ്ഞിരുന്നു. വളരെയധികം പേടിയുള്ള വ്യക്തിയാണ് രജനീകാന്തെന്നും പേടിയുള്ള ഒരാള്‍ക്ക് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്നും അഭിമുഖത്തില്‍ ദേവന്‍ പറയുന്നു.
‘രജനീകാന്ത് അസാദ്ധ്യ താരമാണ്. പക്ഷേ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് ശോഭിക്കാന്‍ സാധിക്കില്ല. പത്തു പന്ത്രണ്ട് വര്‍ഷം മുമ്പ് തമിഴ് മാധ്യമങ്ങളോട് ഞാന്‍ പറഞ്ഞത് രജനീസര്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നാണ്. ഇപ്പോഴും അങ്ങനെ തന്നെ പറയുന്നു’, ദേവന്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാവുമെന്ന് കഴിഞ്ഞദിവസം രജനീകാന്ത് പറഞ്ഞിരുന്നു. ജനുവരിയിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം രജനീകാന്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
തിങ്കളാഴ്ച രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം രജനീകാന്ത് വിളിച്ചു ചേര്‍ത്തിരുന്നു. നേരത്തെ രജനീകാന്തിനെ കൂടെ ചേര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നു. ഗുരുമൂര്‍ത്തി വഴിയായിരുന്നു അമിത് ഷാ രജനീകാന്തിനെ സമീപിച്ചത്. നടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് കുടുംബത്തിന് വലിയ യോജിപ്പില്ലെന്നും രജനീകാന്ത് നേരത്തേ പറഞ്ഞിരുന്നു.
ദേവനും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചിരുന്നു. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക