ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ ജോജിയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇതിനൊപ്പം ചിത്രത്തെ കുറിച്ചുള്ള ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം ജോജി എന്ന സിനിമയെ കുറിച്ചും സിനിമയിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.
ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസായതിന് പിന്നാലെ ഓരോ കഥാപാത്രങ്ങളേയും വ്യത്യസ്തമായ രീതിയില്‍ സമീപിച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.
സിനിമയിലെ ജോമോന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടിയെടുത്ത ബാബുരാജിന്റെ വ്യത്യസ്തമായൊരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പനച്ചേല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ബിന്സിയാണെന്നാണ് ബാബുരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞുവെക്കുന്നത്. ഫഹദിനും ബിന്‍സിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവെച്ചായിരുന്നു ബാബുരാജിന്റെ രസകരമായ ഈ കുറിപ്പ്.
”ബിന്‍സി … പനച്ചേല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍. വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന് ഇത്തിരി strict ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ്. ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യ ഗ്രേസി വീട് വിട്ടു പോയി. എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്. ഇപ്പൊ അവസാനം എന്തായി. സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി. എന്റെ അനിയന് പാവമാണ്, മകന് പോപ്പിയുടെ കാര്യത്തിലും പേടിയില്ലാതില്ല’ ബാബുരാജ് കുറിച്ചു.
ബാബുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആണ് ജോജിയിലേതെന്നാണ് ആരാധകര്‍ പറയുന്നത്. ജോമോന് എന്ന കഥാപാത്രത്തെ അത്രയേറെ മികച്ചതാക്കാന്‍ ബാബുരാജിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. എന്തുതന്നെയായാലും ബിന്‍സിയെ കുറിച്ചുള്ള ബാബുരാജിന്റെ കുറിപ്പിന് താഴെ വലിയ ചര്‍ച്ച തന്നെ നടക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക