അങ്കമാലി ഡയറീസ് എന്ന ലിജോ പെല്ലിശ്ശേരിയുടെ സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നയാളാണ് അപ്പാനി ശരത്. ലിജോയുടെ മറ്റൊരു പടത്തിലേക്ക് തന്നെ വിളിക്കാത്തതെന്താണെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് അദ്ദേഹം. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാരുന്നു താരം.
‘അറിയില്ല അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരും, ഇനിയും അദ്ദേഹത്തിൻറെ പടങ്ങളിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഒറ്റ കാര്യമേ ഉള്ളൂ ചേട്ടനാണ് എനിക്ക് ഇത്രയും വലിയ ഒരു അവസരവും അങ്ങനെയൊരു ജീവിതവും ഉണ്ടാക്കി തന്നത്. നമ്മളത് മാന്യമായ രീതിയിൽ കൊണ്ടുപോകണം.
എത്ര വലിയ നടന്മാരെ വെച്ച് പടം ചെയ്താലും എത്ര വലിയ ലെവലിലേക്ക് എത്തിയാലും ഏത് ലോകത്തിരുന്നാലും നമ്മളും ഇൻഡസ്ട്രിയിൽ ഉണ്ടെന്നും നമ്മളെ കുറിച്ചുള്ള നല്ല വാർത്തകൾ അദ്ദേഹം കേൾക്കണമെന്നും ആഗ്രഹമുണ്ട്. എനിക്ക് തോന്നുന്നു അങ്ങനെ കേൾക്കുമ്പോൾ അദ്ദേഹത്തിന് സന്തോഷം തോന്നും. പുള്ളി കൊണ്ടുവന്ന ആൾക്കാരാണല്ലോ ഇപ്പോഴും നല്ല രീതിയിൽ സിനിമയിൽ ജീവിക്കുന്നുണ്ടല്ലോ എന്ന് കരുതും. പിന്നെ നല്ല രീതിയിലുള്ള പെർഫോമൻസുകൾ കൊടുക്കുക എന്നൊക്കെയാണ് എന്നെ സംബന്ധിച്ച് എന്റെ ആശാനോട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ.
അദ്ദേഹം ചെയ്യുന്ന അടുത്ത പടങ്ങളിൽ അഭിനയിച്ചില്ല എന്ന് കരുതി ഞാൻ വിഷമിക്കാൻ പാടില്ല. അദ്ദേഹം വിളിക്കുന്നത് വരെ കാത്തിരിക്കുക. വിളിക്കാനായി തോന്നുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തു വെക്കുക അതാണ് ഞാൻ ചെയ്യേണ്ടത്,’ അപ്പാനി ശരത്.
പൊതുവേ തന്നെ വെച്ച് ചെയ്യുന്ന സംവിധായകരുടെ കൂടെ പിന്നീട് തന്നെ കാണാത്തത് എന്താണെന്ന് താൻ ചിന്തിക്കാറുണ്ടെന്ന് താരം പറഞ്ഞു.
‘ ലിജോ സാറിന്റെ തന്നെ മൂന്നാല് പടങ്ങളിൽ ഞാൻ ഇല്ലാതിരുന്നപ്പോൾ ഒരു തവണ സാറിനെ വിളിച്ചു. സാറിന്റെ പടത്തിലെന്തെങ്കിലും ഒരു വേഷം എനിക്ക് തരണം എന്ന് പറഞ്ഞു. എനിക്ക് നീ അഭിനയിക്കുമെന്നുള്ളത് കൊണ്ടാണ് അന്ന് നിന്നെ വിളിച്ചത്. പറ്റിയ കഥാപാത്രം ഉണ്ടെന്നു തോന്നുമ്പോൾ അപ്പോൾ വിളിക്കാമെന്നാണ് സാറെന്നോട് പറഞ്ഞത്. എനിക്ക് തോന്നുന്നില്ല തെറ്റിദ്ധാരണകൾ കൊണ്ടാണ് എന്നെ വിളിക്കാത്തതെന്ന്. സിനിമ മാത്രം ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം. ഒരു സ്ക്രിപ്റ്റ് വരുമ്പോൾ ആ കഥാപാത്രം ചെയ്യാൻ ഞാൻ പ്രാപ്തനാണെന്ന് സാറിന് തോന്നുമ്പോൾ സാർ എന്നെ വിളിക്കും. പ്രാപ്തി തെളിയിക്കുക എന്നത് എൻ്റെ ഉത്തരവാദിത്തമാണ്.
അങ്കമാലി എന്ന ഒരു സിനിമയിൽ അഭിനയിച്ചു എന്ന് കരുതി ഞാൻ നടനാകണമെന്നില്ലല്ലോ. ഇനി വേറിട്ട കഥാപാത്രങ്ങൾ ചെയ്ത് ചെയ്ത് വരുമ്പോൾ എല്ലാവരും കാണുമല്ലോ. അവൻ ആ കഥാപാത്രത്തിലേക്ക് എത്തിയില്ലേ എന്നാൽ അവനെ വിളിക്കാം പടം ചെയ്യാമെന്നൊക്കെ ലിജോ സാർ കരുതും. അതുവരെ നമ്മൾ നല്ല കുട്ടിയായി കിട്ടുന്ന പടങ്ങൾ ചെയ്തു പോവുക.
പരമാവധി അവരെ ബുദ്ധിമുട്ടിക്കാതെ പോകുക എന്നതാണ് എന്നെ സംബന്ധിച്ചുള്ള കാര്യം. ഞാനവരെ വിളിക്കുകയോ അവരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നത് എനിക്കിഷ്ടമല്ല. എവിടെയായാലും അവിടെ അവർ ഹാപ്പി ആയിട്ട് ഇരിക്കണം. ഞാൻ എന്റെ വഴികളിലൂടെ സിനിമകൾ ചെയ്ത് പോകുക. നമുക്കൊരു അവസരം തന്നു, പിന്നെ പിടിച്ചു നിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്,’ അപ്പാനി ശരത് പറഞ്ഞു.
Content Highlight: Actor Appani Sarath answered the question why he was not called for another film of Lijo