കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മുന്‍വൈസ് ചാന്‍സലറായിരുന്ന ഡോ.എം അബ്ദുല്‍ സലാം പൊതുഖജനാവില്‍ നിന്നും അമിതമായി ചെലവാക്കിയ ലക്ഷങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് തന്നെ തിരിച്ച് പിടിക്കാന്‍ നീക്കം. പുതിയ സിന്‍ഡിക്കേറ്റില്‍ ഇതിനുള്ള നീക്കങ്ങള്‍ സജീവമായതായാണ് റിപ്പോര്‍ട്ടുകള്‍.
♦ പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ക്യാമ്പസിലും പുറത്തും അകമ്പടി സേവനത്തിന് സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തതതിന് മാത്രമായി 4 ലക്ഷം രൂപ ചെലവായെന്നാണ് കണക്കാക്കുന്നത് (വിദ്യാര്‍ത്ഥികളും ജീവനക്കാരും തന്നെ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വി.സി പ്രത്യേക സുരക്ഷയടക്കം ഏര്‍പ്പാടാക്കിയിരുന്നത്.)
♦ കോട്ടക്കല്‍ ആയൂര്‍വേദ ശാലയില്‍ സുഖ ചികിത്സ നടത്തിയ വകയിലുമുള്ള ചെലവും അബ്ദുല്‍സലാം സര്‍വകലാശാല ഫണ്ടില്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയിരുന്നു.
♦ സര്‍വകലാശാല ഫണ്ട് ഉപയോഗിച്ച് മകള്‍ക്ക് വിലകൂടിയ കണ്ണട വാങ്ങി നല്‍കിയെന്ന ആരോപണം.
മുമ്പ് സിന്‍ഡിക്കേറ്റിലെ ധനകാര്യ ഉപസമിതി അധിക ചെലവ് അംഗീകരിക്കാമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള സിന്‍ഡിക്കേറ്റ് അധികാരത്തില്‍ വന്നതോടെ അബ്ദല്‍ സലാമിന്റെ അധിക ചെലവുകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്.
ഇടത് സര്‍വീസ് സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനുമായും അന്ന് ഭരണപക്ഷത്തായിരുന്ന യു.ഡി.എഫ് അനുകൂല സ്റ്റാഫ് ഓര്‍ഗനൈസേഷനും സോളിഡാരിറ്റി ഓഫ് എംപ്ലോയീസും ഒറ്റക്കെട്ടായി അബ്ദുല്‍ സലാമിനെതിരെ മുന്‍ കാലങ്ങളില്‍ സമരത്തിനിറങ്ങിയിരുന്നു.