'സുനുവിനെതിരായ നടപടി തുടക്കം'; 59 പേരുടെ പട്ടിക പൊലീസ് ആസ്ഥാനത്ത്; കൂടുതല്‍ ക്രിമിനലുകളെ സേനയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
Kerala News
'സുനുവിനെതിരായ നടപടി തുടക്കം'; 59 പേരുടെ പട്ടിക പൊലീസ് ആസ്ഥാനത്ത്; കൂടുതല്‍ ക്രിമിനലുകളെ സേനയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th January 2023, 7:16 pm

തിരുവനന്തപുരം: ബലാത്സംഗമടക്കമുള്ള കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍. സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന സര്‍ക്കാര്‍ നടപടിയുടെ തുടക്കമെന്ന് റിപ്പോര്‍ട്ട്.

പൊലീസ് ആക്ടിലെ 86ാം വകുപ്പ് പ്രകാരമാണ് സുനുവിനെ പിരിച്ചുവിടാന്‍ നടപടി കൈക്കൊണ്ടത്. ഈ ചട്ടം ഉപയോഗിച്ച് പിരിച്ചുവിടുന്ന ആദ്യ ഉദ്യോഗസ്ഥനാണ് സുനു. തുടര്‍ച്ചയായി നടപടി നേരിടുന്ന ഒരാള്‍ സേനയില്‍ തുടരാന്‍ യോഗ്യനല്ലെന്നാണ് ഈ ചട്ടം വ്യക്തമാക്കുന്നത്. ഇതോടെ ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരെ പിരിച്ചുവിടുന്ന നടപടിക്ക് സേന തുടക്കം കുറിച്ചിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് 59 പേരുടെ പട്ടിക പൊലീസ് ആസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനലുകളായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

തിങ്കളാഴ്ച സംസ്ഥാന പൊലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. ബലാത്സംഗം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളാണ് ഈ ഉദ്യോഗസ്ഥനെതിരെയുള്ളത്. നാല് കേസ് പീഡനവുമായി ബന്ധപ്പെട്ടുള്ളതാണ്.

സര്‍വീസ് കാലയളവില്‍ ആറ് സസ്പെന്‍ഷന്‍ ഇയാള്‍ നേരിട്ടിട്ടുണ്ട്. തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഒടുവില്‍ സുനുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഈ കേസില്‍ ഏഴ് പ്രതികളാണുള്ളത്. പരാതിക്കാരിയുടെ വീട്ട് ജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സി.ഐ സുനു മൂന്നാം പ്രതിയാണ്.

വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരന്‍ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികള്‍ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതി.

യുവതിയുടെ ഭര്‍ത്താവ് ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത് സി.ഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

തൃക്കാക്കരയിലെ വീട്ടില്‍വെച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് യുവതിയുടെ പരാതിയിലുണ്ട്. കേസില്‍ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സി.ഐ ഉള്‍പ്പെടെയുള്ളവരുടെ ഭീഷണി കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി അറിയിച്ചിരുന്നു.