Kerala News
'ഭയപ്പെടുത്താന്‍ നിക്കണ്ട'; അജിത് കുമാറിനെതിരായ നടപടി സ്ഥാനമാറ്റത്തോടെ അവസാനിക്കില്ല: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 11, 12:37 pm
Friday, 11th October 2024, 6:07 pm

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ ഉള്‍പ്പെടെ അന്വേഷണം നടക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എ.കെ.ജി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും എം.വി. ഗോവിന്ദന്‍ വിമര്‍ശനമുയര്‍ത്തി. സ്വര്‍ണക്കടത്തുകള്‍ പിടികൂടേണ്ടത് കസ്റ്റംസാണ്. കസ്റ്റംസിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും കസ്റ്റംസിനുമാണ് വീഴ്ച പറ്റിയിരിക്കുന്നത്. ഗവര്‍ണര്‍ ഇതിനെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.ഐ.എമ്മിനെ ആരും ഭയപ്പെടുത്തേണ്ടെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെ നായകനാക്കി ചിലര്‍ ഒരുക്കിയ മുഴുവന്‍ നാടകങ്ങളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്രം ധനസഹായം നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനോടുള്ള അവഗണനക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാകുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

സര്‍വകലാശാലകളെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് തിരിച്ചടിയാണ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐയുടെ ചരിത്ര വിജയമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ എസ്.എഫ്.ഐയുടെ വിജയം സംസ്ഥാനത്തെ മാധ്യമങ്ങള്‍ ആഘോഷിച്ചില്ലെന്നും തോല്‍വിയായിരുന്നെങ്കില്‍ ആഘോഷമാക്കിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദേശീയ മാധ്യമമായ ‘ദി ഹിന്ദു’വിന് ഒരു തെറ്റുപറ്റി. അതവര്‍ അംഗീകരിക്കുകയും തുറന്നുപറയുകയും ചെയ്തു. അതിനാല്‍ തന്നെ നിയമനടപടികളുമായി മുന്നോട്ടുപോകില്ല. എന്നാല്‍ ഹിന്ദു തെറ്റ് ഏറ്റ് പറഞ്ഞത് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. കാരണം അങ്ങനെയൊരു സംസ്‌കാരം നിങ്ങള്‍ക്ക് ഇല്ലല്ലോ,’ എന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു.

എം.എല്‍.എ മാത്യു കുഴല്‍നാടനെതിരെയും എം.വി. ഗോവിന്ദന്‍ വിമര്‍ശനമുയര്‍ത്തി. കുഴല്‍നാടന്‍ കുറച്ചു കൂടി ചരിത്രം പഠിക്കണമെന്നും പുഷ്പനെ അപമാനിക്കുന്ന നിലപാടാണ് കുഴല്‍നാടന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Action against MR Ajith Kumar will not end with transfer: M.V.Govindan