ഞാന്‍ നോക്കുമ്പോള്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഒളിച്ചുകളിക്കുകയായിരുന്നു: ശിവദ
Entertainment news
ഞാന്‍ നോക്കുമ്പോള്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഒളിച്ചുകളിക്കുകയായിരുന്നു: ശിവദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th June 2023, 12:11 pm

മഞ്ജു വാര്യരുമായുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ശിവദ. താന്‍ മഞ്ജു വാര്യരുടെ വളരെ വലിയൊരു ഫാന്‍ ആണെന്നും തന്റെ മകളോടൊത്ത് യാതൊരു താരപരിവേഷവുമില്ലാതെ മഞ്ജു ഒളിച്ചുകളിച്ചത് നല്ലൊരു അനുഭവമായിരുന്നെന്നും നടി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവദ.

‘ഞാന്‍ മഞ്ജു ചേച്ചിയുടെ വളരെ വലിയൊരു ഫാന്‍ ആണ്. മേരി ആവാസ് സുനോ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോള്‍ വളരെ ഹാപ്പിയായിരുന്നു. എന്നേക്കാള്‍ സന്തോഷം അമ്മക്കായിരുന്നു.

ചേച്ചി സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ വേണ്ടി ഫ്‌ളാറ്റില്‍ വന്നപ്പോള്‍ എന്റെ മോള്‍ ചേച്ചിയുടെ കൂടെ കളിച്ചിരുന്നു. ഞാന്‍ നോക്കുമ്പോള്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഒളിച്ചുകളിക്കുകയായിരുന്നു (ചിരിക്കുന്നു).

മകളാണെങ്കില്‍ ഞാന്‍ വിളിച്ചിട്ട് എന്റെ അടുത്ത് വരുന്നതുമില്ല. മഞ്ജു ചേച്ചിയെ കണ്ടിട്ട് ആകെ പത്ത് മിനുറ്റായതേയുള്ളൂ. അപ്പോഴേക്കും അവര്‍ നല്ല കൂട്ടായി. മകള്‍ക്ക് ഒന്നര വയസ് മാത്രമേയുള്ളൂ.

അവള്‍ ചേച്ചിയെ അള്ളിപ്പിടിച്ചുകൊണ്ടിരുക്കുകയായിരുന്നു. ചേച്ചി പറഞ്ഞു, സാരമില്ലെന്ന്. പക്ഷേ എന്റെ മകള്‍ എത്ര കുറുമ്പിയാണെന്ന് എനിക്കല്ലേ അറിയുള്ളൂ. എനിക്ക് ഭയങ്കര രസം തോന്നി ആ മൊമന്റ്.

യാതൊരു താര പരിവേഷങ്ങളുമില്ലാതെ ഇങ്ങനെയൊക്കെ ചേച്ചി ഇടപെട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ചേച്ചി ഇപ്പോള്‍ ഭയങ്കര സ്റ്റൈലിഷും ആണ്. ഓരോ ദിവസവും സെറ്റില്‍ വരുമ്പോള്‍ ഞാനിങ്ങനെ വിചാരിക്കും ചേച്ചി ഇന്നെന്ത് ഡ്രസാണിടുകയെന്നൊക്കെ.

ഞാന്‍ ചേച്ചിയോട് ചോദിച്ചിട്ടുമുണ്ട്. എവിടന്നാണിത്ര സ്റ്റൈലിഷായ ഡ്രസൊക്കെ കിട്ടുന്നതെന്ന്. മൊത്തത്തില്‍ വളരെ നല്ലൊരു അനുഭവമായിരുന്നു ചേച്ചിയോട് വര്‍ക്ക് ചെയ്യാന്‍, ‘ ശിവദ പറഞ്ഞു.

മഞ്ജു വാര്യരുടെ കൂടെ താന്‍ അഭിനയിക്കണമെന്ന് അമ്മക്കും തനിക്കും ഒരേപോലെ ആഗ്രഹമുണ്ടായിരുന്നെന്നും നടി പറഞ്ഞു. തന്റെ അമ്മയോട് ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തിട്ട് തങ്ങളെ ഒരുമിച്ചഭിനയിപ്പിക്കെന്ന് അമ്മയോട് കളിയാക്കി പറയാറുണ്ടെന്നും ശിവദ പറഞ്ഞു.

‘മഞ്ജു ചേച്ചിയുടെ കൂടെ ഞാന്‍ അഭിനയിക്കണമെന്ന് അമ്മക്കും എനിക്കും ഒരേപോലെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഞാനിങ്ങനെ വിചാരിക്കുമായിരുന്നു, മഞ്ജു ചേച്ചിയുടെ കൂടെ എങ്ങനെ അഭിനയിക്കാനാണെന്ന്. കാരണം ചേച്ചി ഒരു വലിയ ഹീറോയിന്‍ അല്ലേ അപ്പോള്‍ പിന്നെ ഞാനെന്ത് ചെയ്യാനാണെന്നൊക്കെ.

അമ്മ എന്നോടിങ്ങനെ പറഞ്ഞോണ്ടിരിക്കുമായിരുന്നു, നീ എങ്ങനെയെങ്കിലും മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കണമെന്ന്. അപ്പോള്‍ ഞാനിങ്ങനെ അമ്മയെ കളിയാക്കിക്കൊണ്ട് പറയുമായിരുന്നു.

അമ്മ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യ് എന്നിട്ട് എന്നെയും മഞ്ജു ചേച്ചിയേയും അതില്‍ കാസ്റ്റ് ചെയ്യ് എന്നൊക്കെ, ‘ ശിവദ പറഞ്ഞു.


Content Highlights: Acress Shivada about Manju Warrier