News of the day
സൗദിയില്‍ എക്‌സിറ്റ് റീ/എന്‍ട്രീ വിസകള്‍ അബ്ഷിര്‍ സേവനങ്ങളില്‍ ഉള്‍പ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Nov 13, 12:28 pm
Friday, 13th November 2015, 5:58 pm

abshir

റിയാദ്: സൗദിയില്‍ മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ സൗകര്യം പാസ്‌പോര്‍ട്ട് വിഭാഗത്തിന് കീഴിലുള്ള അബ്ഷിര്‍ സേവനങ്ങളില്‍ ഉള്‍പ്പെടുത്തി. പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ കയറി ഇറങ്ങാതെ തന്നെ ഓണ്‍ലൈന്‍ വഴി വിസ സേവനം ലഭിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത.യാത്രക്കാര്‍ക്ക് എക്‌സിറ്റ്, എന്‍ട്രി വിസ ഡോക്യുമെന്റുകളുടെ പ്രിന്റെടുക്കാനും സാധിക്കും.

2013ല്‍ സേവനം ആരംഭിച്ചത് മുതല്‍ 21.2 മില്ല്യണ്‍ സേവനങ്ങളാണ് അബ്ഷിര്‍ വഴി സാധ്യമായത്. ഇതില്‍ 8 മില്ല്യണ്‍ എക്‌സിറ്റ് എന്‍ട്രി വിസകള്‍, 650,000 ഫൈനല്‍ എക്‌സിറ്റ് അപേക്ഷകള്‍, 1.1 മില്ല്യണ്‍ ഇഖാമ അപേക്ഷകള്‍, 7.6 മില്ല്യണ്‍ ഇഖാമ പുതുക്കല്‍ എന്നിവ ഉള്‍പ്പെടും.

തങ്ങളുടെ പാസ്‌വേര്‍ഡും യൂസര്‍ ഐ.ഡിയും സൂക്ഷിക്കണമെന്ന് അബ്ഷിര്‍ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് വകുപ്പിന്റെ നിര്‍ദേശമുണ്ട്. അബ്ഷിര്‍ സേവനത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് 992@gdp.gov.sa എന്ന വിലാസത്തില്‍ മറുപടി ലഭിക്കും. സൗദി പോസ്റ്റിന് കീഴിലും അന്വേഷണങ്ങള്‍ നടത്താം.

അതേ സമയം പുതുക്കിയ പാസ്‌പോര്‍ട്ടിലേക്ക് വിസാ വിവരങ്ങള്‍ മാറ്റല്‍, സ്വദേശികളുടെ പാസ്‌പോര്‍ട്ട് പോസ്റ്റല്‍ വഴി എത്തിക്കല്‍ തുടങ്ങിയ സേവനങ്ങളും അബ്ഷിര്‍ സേവനത്തില്‍ ലഭ്യമാകും.