“പ്രിയനന്ദന്‍ എന്ന ആരും അറിയാത്ത സംവിധായകന്‍ വെറുതെ ഷൈന്‍ ചെയ്യാനുള്ള ജാഡ പരിപാടിയാണ് ഇപ്പോള്‍ കാണിച്ചത്. ഞങ്ങള്‍ക്ക് അക്രമം നടത്തണമെന്നുണ്ടെങ്കില്‍ അത് പറഞ്ഞിട്ട് തന്നെ ചെയ്യും. ആര്‍.എസ്.എസുകാര്‍ അക്രമം നടത്തി എന്ന് അയാള്‍ പറയുമ്പോഴേക്കും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. ഇത് ഷൈന്‍ ചെയ്യാനുള്ള പരിപാടി മാത്രമാണ്””-
ഇന്ന് രാവിലെ പ്രിയനന്ദനനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുളാണിത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഒരു സംവിധായകനെ ആക്രമിച്ചത് മതിയാവാതെ അദ്ദേഹം മലയാളസിനിമയ്ക്ക് നല്‍കിയ സംഭാവനകളെ വിസ്മരിച്ചുകൊണ്ടാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം.
സാമ്പത്തിക പരാധീനതകള്‍ കാരണം ഏഴാം ക്ലാസില്‍വെച്ച് പഠനം നിര്‍ത്തിയ വ്യക്തിയാണ് പ്രിയനന്ദനന്‍. തുടര്‍ന്ന് സ്വര്‍ണ്ണപ്പണിയിലൂടെ ജീവിതം കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കുകയും അതിലൂടെ വായനയുടെ ലോകത്തെത്തുകയും ചെയ്ത പ്രിയനന്ദന്റെ സിനിമയിലൂടെയാണ് മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടന്‍മാരിലൊരാളായ മുരളിയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
2001ല്‍ ഇറങ്ങിയ നെയ്ത്തുകാരന്‍ എന്ന സിനിമയായിരുന്നു അത്. പഴയ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതവും ഇ.എം.എസിന്റെ മരണം അറിഞ്ഞതിന് ശേഷം അയാളിലുണ്ടാകുന്ന ആത്മസംഘര്‍ഷവുമാണ് നെയ്ത്തുകാരന്‍ എന്ന സിനിമ പറയുന്നത്.
ഈ സിനിമ മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും പ്രിയനന്ദന് നേടിക്കൊടുത്തു.
പി.ടി. കുഞ്ഞുമുഹമ്മദ്, കെ.ആര്‍. മോഹനന്‍ എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണ് ചലച്ചിത്രരംഗത്തേക്ക് പ്രിയനന്ദനന്‍ കാലെടുത്തുവെക്കുന്നത്.
പുലിജന്മം, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഒരു യാത്രയില്‍, ഞാന്‍ നിന്നോട് കൂടെയുണ്ട്, പാതിരാകാലം എന്നിവയാണ് മറ്റുസിനിമകള്‍. ഇതില്‍ പുലിജന്മം 2006 ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 2000 ത്തില്‍ ശാന്തം എന്ന സിനിമയ്ക്ക് ശേഷം ആറ് വര്‍ഷത്തിന് ശേഷം ദേശീയ പുരസ്‌കാരം മലയാളത്തിലേക്കെത്തുന്നത് പ്രിയനന്ദനന്റെ ഈ സിനിമയിലൂടെയാണ്.
സമകാലിക സമൂഹത്തിന്റെ ആഗോള, പ്രാദേശിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ രൂപകല്‍പ്പന ചെയ്ത സിനിമ എന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചതിന് ശേഷം ജൂറി അഭിപ്രായപ്പെട്ടത്.
കൂടാതെ നിരവധി ഡോക്യുമെന്ററികളും ടെലിഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തു. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരങ്ങള്‍, ജനനായകന്‍ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകള്‍ ശ്രദ്ധയാകര്‍ഷിച്ചു.
തോരാമഴയത്ത്, സീന്‍ നമ്പര്‍-1, പോപ്പിന്‍സ്, റെഡ് വൈന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.
ശബരിമല വിഷയത്തില്‍ യുവതീപ്രവേശനത്തിന് അനുകൂല നിലപാടെടുത്തു എന്നതിന്റെ പേരിലാണ് പ്രിയനന്ദനനെ സംഘപരിവാര്‍ ആക്രമിക്കുന്നത്.
ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് നേരത്തെ പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞിരുന്നു.
വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന്‍ ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു.
WATCH THIS VIDEO: