Film News
ഉയരത്തിന്റെ പേരില്‍ എന്നെ ഒഴിവാക്കിയിട്ടുണ്ട്; ധാരാളം കൂവലുകള്‍ കിട്ടിയിട്ടുണ്ട്: അഭിരാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 21, 03:45 am
Saturday, 21st October 2023, 9:15 am

തന്റെ ഉയരം കാരണം സിനിമയില്‍ നിന്ന് ഒഴിവാക്കിയ ചില സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി അഭിരാമി. മലയാളത്തില്‍ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും ഉയരം കൂടിയവരായിരുന്നെന്നും അന്യ ഭാഷയില്‍ പോയപ്പോള്‍ ഉയരം ഉള്ളവരുടെയും ഇല്ലാത്തവരുടെയും കൂടെ അഭിനയിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

‘ഞങ്ങള്‍ സന്തുഷ്ടരാണ്’ എന്ന സിനിമ കഴിഞ്ഞപ്പോള്‍ കോളേജ് ഫങ്ഷന് പോകുമ്പോള്‍ ധാരാളം കൂവലുകള്‍ കിട്ടിയിട്ടുണ്ടെന്നും അഭിരാമി പറയുന്നുണ്ട്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ കൂടെ അഭിനയിച്ച പലരും എന്നെക്കാള്‍ ഹൈറ്റ് കൂടിയവരാണ്. മലയാളത്തില്‍ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും ഹൈറ്റ് കൂടിയവരായിരുന്നു. അന്യ ഭാഷയില്‍ പോയപ്പോള്‍ ഹൈറ്റ് ഉള്ളവരുടെയും ഇല്ലാത്തവരുടെയും കൂടെ അഭിനയിച്ചു.

ഹൈറ്റ് എനിക്ക് പ്രശ്‌നമായിട്ട് തോന്നിയിട്ടില്ല. എങ്കിലും ‘അന്ത പൊണ്ണ് റൊമ്പ ടോളായിറുക്ക്ഡാ’ എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയ ഒന്ന് രണ്ട് സാഹചര്യം ഉണ്ടായിട്ടുണ്ട്. അതും വലിയ പ്രശ്‌നമായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം.

‘ഞങ്ങള്‍ സന്തുഷ്ടരാണ്’ സിനിമ കഴിഞ്ഞപ്പോള്‍ കോളേജ് ഫങ്ഷനും മറ്റും പോകുമ്പോള്‍ ധാരാളം കൂവലുകള്‍ കിട്ടിയിട്ടുണ്ട്. ഇടക്ക് ലോ കോളേജില്‍ പോയപ്പോള്‍ കൂവലുകള്‍ കിട്ടാതെ വന്നപ്പോള്‍ അങ്ങോട്ട് ചോദിച്ച് വാങ്ങിയിട്ടുണ്ട്.

പിന്നെ ചിലര് വന്നിട്ട് ‘ഞാന്‍ കരുതിയത് ഭയങ്കര ജാഡയാകുമെന്നാണ്, പിന്നെ ഇപ്പൊ അങ്ങനെയല്ലെന്ന് മനസിലായി’ എന്ന് പറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ ഒരുപാട് കത്തുകളും മറ്റും കിട്ടിയിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയൊക്കെ ഉള്ളത് കൊണ്ട് കത്തുകള്‍ കിട്ടാറില്ല. പകരം മെസ്സേജുകള്‍ വരാറുണ്ട്,’ അഭിരാമി പറഞ്ഞു.

Content Highlight: Abhirami Talks About Height Problem In Movies