Kerala News
അഭിമന്യു വധക്കേസ് പ്രതി എല്‍.എല്‍.ബി കോഴ്‌സ് പഠിക്കാനെത്തി; കോളേജ് ഗേറ്റില്‍ എസ്.എഫ്.ഐ തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 28, 03:08 am
Friday, 28th June 2019, 8:38 am

തൊടുപുഴ: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ 26ാം പ്രതി മുഹമ്മദ് റിസയ്‌ക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം. തൊടുപുഴയിലെ ഒരു സ്വകാര്യ കോളേജില്‍ എല്‍.എല്‍.ബി കോഴ്‌സിന് പഠിക്കാനെത്തിയ റിസയെ കോളേജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടഞ്ഞുവെച്ചത്.

ക്ലാസ് നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് റിസ കോളേജിലെത്തിയിരുന്നത്. എന്നാല്‍ ഗേറ്റ് പൂട്ടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിന് മുന്നില്‍ സമരം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി ഉച്ചയോടെയാണ് സമരം അവസാനിപ്പിച്ചത്.

കേസില്‍ റിസയ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ ഉത്തരവനുസരിച്ചാണ് പ്രവേശനം നല്‍കിയതെന്നും സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതായും കോളേജ് അധികൃതര്‍ പറഞ്ഞു.

അഭിമന്യു വധക്കേസില്‍ വിചാരണ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമായ ജൂലൈ രണ്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നടക്കും. കേസില്‍ ഇരുപതോളം പോപുലര്‍ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയെങ്കിലും അഭിമന്യുവിനെ കുത്തിയെന്ന് പറയപ്പെടുന്ന ഷഹലിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.