2023 ലോകകപ്പ് ആവേശം മുറുകിയിരിക്കുകയാണ്. തോല്‍വി അറിയാതെ ആറ് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ നിര ശക്തരാണെന്നതില്‍ സംശയമില്ല. ഇതിനിടെ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ ‘ബേബി ബൗളര്‍’ എന്ന് വിശേഷിപ്പിച്ച മുന്‍ പാക് ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖ് തന്റെ വിവാദ പരാമര്‍ശത്തെ അഭിസംബോധന ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്.
ഒരു ടി.വി ഷോയ്ക്കിടെ റസാഖ് തന്റെ പരാമര്‍ശം വ്യക്തമാക്കുകയായിരുന്നു. താന്‍ പറഞ്ഞത് വളച്ചൊടിച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുംറയെ വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ ഇതിഹാസ ബൗളര്‍മാരോടൊപ്പമാണ് താന്‍ താരതമ്യപ്പെടുത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബുംറ ഒരു നല്ല ബൗളറല്ലെന്ന് താന്‍ ഒരിക്കലും അവകാശപ്പെട്ടില്ലെന്ന് റസാഖ് ഊന്നിപ്പറഞ്ഞു. താന്‍ ടീമില്‍ പുതിയ ആളായി വന്ന സമയം വസീം അക്രവുമായി താരതമ്യപ്പെടുത്തിയപ്പോള്‍ തന്നെയും ഒരു ‘കുഞ്ഞായിട്ടാണ്’ അദ്ദേഹം പരാമര്‍ശിച്ചത്. തന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെ റസാഖ് കുറ്റപ്പെടുത്തുകയും ചെയ്തു.
”അദ്ദേഹം ഒരു നല്ല ബൗളറല്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ പ്രസ്താവന ആധികാരികമായിരുന്നു. ബുംറയെ ഗ്ലെന്‍ മഗ്രാത്ത്, വസീം അക്രം, ഷോയിബ് അക്തര്‍ എന്നിവരെ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ പിന്നെ എന്താണ് പറയുക?
ഇതിഹാസ ബൗളര്‍മാര്‍ക്കെപ്പം ഞാനും കളിച്ചിട്ടുണ്ട്. ഞാന്‍ ടീമില്‍ പുതിയ ആളായി വന്ന സമയം വസീം അക്രവുമായി താരതമ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹം എന്നെ ഒരു കുഞ്ഞായിട്ടാണ് പരാമര്‍ശിച്ചത്.
അതിനാല്‍ ബുംറ എന്റെ മുന്നില്‍ ഒരു ബേബി ബൗളറാണ്. അതെനിക്ക് തീര്‍ച്ചപ്പെടുത്താനും വാദിക്കാനും കഴിയുമായിരുന്നു,” റസാഖ് ജിയോ സൂപ്പര്‍ ടി.വി ഷോയില്‍ പറഞ്ഞു.
പരിക്കില്‍ നിന്ന് മോചിതനായ ബുംറ 2023 ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയാണ് തിരിച്ചുവന്നത്. ശേഷം 2023 ഏകദിന ലോകകപ്പിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 3.91 എക്കോണമിയില്‍ 14 വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്താണ് ബുംറ. ലോകകപ്പ് മത്സരങ്ങളുടെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാനെതിരെ നാല് വിക്കറ്റ് ബുംറ സ്വന്തമാക്കിയിരുന്നു.
അടുത്ത മത്സരകത്തില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. നവംബര്‍ രണ്ടിന് വാഖഡെയില്‍ വെച്ചാണ് മത്സരം. തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യം വെച്ചാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്. നിലവില്‍ ആറ് മത്സരത്തില്‍ രണ്ട് വിജയവുമായി ഏഴാം സ്ഥാനത്താണ് ലങ്ക.
Content Highlight: Abdul Razaq about Jasprit Bumrah