കൊച്ചി: കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കടന്നുവെന്ന് പറയപ്പെടുന്ന ലഷ്‌കര്‍ ഭീകരരെ സഹായിച്ചുവെന്ന സംശയത്താല്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെയും സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയേയും വിട്ടയച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിട്ടയച്ചത്.
റഹീമിനെ 24 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്‍.ഐ.എ, തമിഴ്‌നാട് ക്യൂബ്രാഞ്ച്, മിലിട്ടറി ഇന്റലിജന്‍സ് എന്നിവരാണ് ചോദ്യം ചെയ്തിരുന്നത്. തീവ്രവാദക്കേസില്‍ പൊലീസ് തെരയുന്നുണ്ടെന്ന് കാണിച്ച് കൊച്ചി സി.ജെ.എം കോടതി വഴി ഹാജരാവാന്‍ വന്ന സമയത്ത് കോടതിയില്‍ വെച്ചാണ് കൊച്ചി പൊലീസ് റഹീമിനെ കസ്റ്റഡിയിലെടുത്തിരുന്നത്.
രണ്ട് ദിവസം മുമ്പാണ് തൃശൂര്‍ മതിലകം സ്വദേശി അബ്ദുല്‍ ഖാദര്‍ ബഹ്റൈനില്‍ നിന്നും കൊച്ചിയിലേക്ക് എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വയനാട് സ്വദേശിയായ സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.