ഇന്ധന വില വര്‍ധിപ്പിച്ച് കിട്ടുന്ന പണം ബി.ജെ.പി എം.എല്‍.എമാരെ വാങ്ങാന്‍ ഉപയോഗിക്കുന്നു: എ.എ.പി നേതാവ്
national news
ഇന്ധന വില വര്‍ധിപ്പിച്ച് കിട്ടുന്ന പണം ബി.ജെ.പി എം.എല്‍.എമാരെ വാങ്ങാന്‍ ഉപയോഗിക്കുന്നു: എ.എ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st August 2022, 5:01 pm

ന്യൂദല്‍ഹി: പ്രതിപക്ഷപാര്‍ട്ടികളുടെ ഭരണം അട്ടിമറിക്കുന്ന ഓപ്പറേഷന്‍ താമര’യെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍. ഇത് സംബന്ധിച്ച് സി.ബി.ഐ ഡയറക്ടറെ കാണുമെന്നും പാര്‍ട്ടി നേതാവ് അതിഷി മര്‍ലേന പറഞ്ഞു.

ഇന്ധന വിലവര്‍ധനവിലൂടെ ലഭിക്കുന്ന പണം ബി.ജെ.പി. ‘ഓപ്പറേഷന്‍ താമര’യ്ക്കാണ് ഉപയോഗിക്കുന്നതെന്നും ഇത് അവസാനിപ്പിച്ചാല്‍ ഇന്ധന വില കുറയുമെന്നും അവര്‍ പറഞ്ഞു.

‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധനവിലൂടെ ലഭിക്കുന്ന പണം ‘ഓപ്പറേഷന്‍ താമര’യ്ക്കാണ് ഉപയോഗിക്കുന്നത്. ‘ഓപ്പറേഷന്‍ താമര’യ്ക്ക് വേണ്ടി ബി.ജെ.പി 6300 കോടി രൂപയാണ് ചിലവാക്കിയത്. എവിടെനിന്നാണ് ബി.ജെ.പിക്ക് ഇത്ര അധികം പണം ലഭിക്കുന്നത്,’ അവര്‍ ചോദിച്ചു.

ഏതെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണം നഷ്ടമായാല്‍ ഓപ്പറേഷന്‍ താമര തുടങ്ങുമെന്നും സി.ബി.ഐയേയും ഇ.ഡിയേയും ഉപയോഗിച്ച് എം.എല്‍.എമാരെ കുരുക്കിലാക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു. ഇതിന് പിന്നാലെ സ്വന്തം പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേരാന്‍ എം.എല്‍.എമാര്‍ക്ക് പണവും കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനവും നല്‍കുമെന്നും അതിഷി ആരോപിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. ഗോവ, അസം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മേഘാലയ തുടങ്ങിയ സര്‍ക്കാരുകളെ അട്ടിമറിച്ച ശേഷം ദല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. കഴിഞ്ഞവര്‍ഷങ്ങളില്‍ ബി.ജെ.പി. 277 എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Content Highlight: AAP asks cbi to take on probe against bjp operation lotus