Kerala News
ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം; സത്യഭാമക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 15, 09:39 am
Saturday, 15th June 2024, 3:09 pm

തിരുവനന്തപുരം: നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സത്യഭാമക്ക് ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് എസ്.എസി-എസ്.ടി പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്ന് വിധിയില്‍ പറഞ്ഞു.

പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞു. സമാന കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നെടുമങ്ങാട് കോടതിയില്‍ രാവിലെ 11 മണിയോടെ സത്യഭാമ ഹാജരായത്. എന്നാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ആർ.എൽ.വി. രാമകൃഷ്ണനും കോടതിയിൽ എതിർത്തു.

അധിക്ഷേപം നടത്തിയതിന് ശേഷവും സമാനമായ പരാമർശം സത്യഭാമ മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചെന്ന് ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

എന്നാൽ താൻ മനഃപൂർവം അധിക്ഷേപം നടത്തിയിട്ടില്ലെന്നും സംഭവത്തിന് ശേഷം തനിക്ക് വിദ്യാർത്ഥികളെ നഷ്ടമായെന്നും ജീവിത മാർഗം വഴിമുട്ടിയെന്നും സത്യഭാമ പറഞ്ഞു. കറുത്ത കുട്ടിയെന്ന പരാമർശം എങ്ങനെയാണ് എസ്.സി എസ്.ടി വകുപ്പിന്റെ പരിധിയിൽ വരുന്നതെന്നും സത്യഭാമ ചോദിച്ചു. വടക്കെ ഇന്ത്യയിൽ വെളുത്ത ആളുകളും എസ്.സി,എസ്. ടി വിഭാഗത്തിൽ ഉണ്ടെന്നും അവർ കോടതിയിൽ വാദിച്ചു.

അടുത്തിടെയാണ് രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞിരുന്നത്.

Content Highlight: Caste abuse reference, Bail for Satyabhama