ഹിജാബ് ധാരിയായ ഒരു സ്ത്രീ എങ്കിലും കൂടെ വേദിയില്‍ ഇല്ലാത്ത ഒരു പൊതുപരിപാടിക്കും പങ്കെടുക്കില്ല: ജെ. ദേവിക
കോഴിക്കോട്: ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ വരെ ഐക്യദാര്‍ഢ്യം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ. ദേവിക.
ഇനിമുതല്‍ ഹിജാബ് ധാരിയായ ഒരു സ്ത്രീ എങ്കിലും കൂടെ വേദിയില്‍ ഇല്ലാത്ത ഒരു പൊതുപരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നതുള്‍പ്പെടെയുള്ള നാല് തീരുമാനങ്ങളാണ് അവര്‍ പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘ഞാന്‍ തീരുമാനിച്ചു. ഇനിമുതല്‍ ഹിജാബ് ധാരിയായ ഒരു സ്ത്രീ എങ്കിലും കൂടെ വേദിയില്‍ ഇല്ലാത്ത ഒരു പൊതുപരിപാടിക്കും ഞാനില്ല. ഞാന്‍ നടത്തുന്ന ഏതൊരു അപ്പോയിന്‍മെന്റിലും ഹിജാബി വനിതകളെ നിര്‍ബന്ധമായും പരിഗണിക്കും. ഹിജാബികളായ വിദ്യാര്‍ത്ഥിനികളെ എന്നാലാകും വിധം പരമാവധി സഹായിക്കും. അവര്‍ നടത്തുന്ന സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കും,’ ജെ. ദേവിക ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, കര്‍ണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. ഹിജാബ് വിഷയത്തില്‍ വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് ഇന്നലെ ഇടക്കാല ഉത്തരവിലൂടെ കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്. ഇടക്കാല ഉത്തരവ് നടപ്പിലാക്കുമ്പോള്‍ ഭരണഘടനയുടെ ഇരുപത്തി അഞ്ചാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.
ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു.
കര്‍ണാടകത്തില്‍ നടക്കുന്നത് തങ്ങള്‍ വീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
CONTENT HIGHLIGHTS: A woman wearing a hijab will not even attend a public event that is not on stage: J. Devika