മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മുരളീധരന് എന്ത് യോഗ്യത, തേജോവധം ചെയ്യാന്‍ അനുവദിക്കില്ലെന്ന് എ. വിജയരാഘവന്‍
Kerala
മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മുരളീധരന് എന്ത് യോഗ്യത, തേജോവധം ചെയ്യാന്‍ അനുവദിക്കില്ലെന്ന് എ. വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th April 2021, 4:07 pm

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന് എതിരെ സി.പി.ഐ.എം രംഗത്ത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ മുരളീധരനെ അനുവദിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.

പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മുരളീധരന് എന്ത് യോഗ്യത ഉണ്ടെന്നും എ. വിജയരാഘവന്‍ ചോദിച്ചു.

കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്രമന്ത്രി എന്ന നിലയില്‍ മുരളീധരന്‍ എന്ത് ചെയ്തു. വാക്‌സീന്‍ ക്ഷാമം തീര്‍ക്കാന്‍ പോലും മുരളീധരന്‍ ഇടപെട്ടില്ല എന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി

മുഖ്യമന്ത്രിക്കെതിരെ നടത്തിയ കൊവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. നിരന്തരം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ആരോഗ്യമന്ത്രിക്ക് ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയില്ലെങ്കില്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പ്രോട്ടോകോള്‍ ലംഘന വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായാണ് വി. മുരളീധരന്‍ രംഗത്ത് എത്തിയിരുന്നത്.

മുഖ്യമന്ത്രിയെ കോവിഡിയറ്റ് എന്നാണ് മുരളീധരന്‍ വിളിച്ചത്. പ്രസ്താവന വിവാദമായതോടെ ഈ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും വി. മുരളീധരന്‍ പറഞ്ഞിരുന്നു.

അതേസമയം കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്ന മുരളീധരന്റെ ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. ഒരു തരത്തിലുള്ള ചട്ടലംഘനവും ക്വാറന്റൈന്‍ ലംഘനവും നടന്നിട്ടില്ലെന്നും മുരളീധരനെ പോലുള്ളവര്‍ ഇത്രയും നിരുത്തരവാദപരമായി സംസാരിക്കരുതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെ വായില്‍തോന്നിയത് വിളിച്ചുപറയരുത്. കേന്ദ്ര ഗവണ്‍മെന്റും ഐ.സി.എം.ആറും പറഞ്ഞിട്ടുള്ളത് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളെ രണ്ടുമൂന്ന് ദിവസം കഴിയുമ്പോള്‍ വീട്ടിലേക്കു വിടാനാണ്. കേരളം നല്ല മുന്‍കരുതല്‍ എന്ന നിലയില്‍ പത്തു ദിവസം വരെ ആശുപത്രിയില്‍ നിര്‍ത്തി പരിശോധിച്ചുവിടുന്നുവെന്നേയുള്ളൂ.

ഒരു ബുദ്ധിമുട്ടും ഇല്ലാത്തവര്‍ വീട്ടില്‍ പോയി ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. അതാണ് മുഖ്യമന്ത്രിയുടെ കാര്യത്തിലും ഉണ്ടായത്. വീട്ടിലേക്കു പോകുന്നതിനു മുമ്പ് ടെസ്റ്റ് നടത്തി നോക്കിയപ്പോള്‍ നെഗറ്റീവ്. അദ്ദേഹം വീട്ടില്‍ പൂര്‍ണമായും ക്വാറന്റൈനില്‍ കഴിയുകയാണ്.

പുറത്ത് ഒരു പരിപാടിക്കും പോകുന്നില്ല. ഇതില്‍ എവിടെയാണ് ചട്ടലംഘനം? ക്വാറന്റൈന്‍ ലംഘനം? വെറുതെ വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ഓരോരുത്തര്‍ വായില്‍ തോന്നിയത് വിളിച്ചുപറയുന്നതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുതെന്നും കെ.കെ ശൈലജ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A Vijayaraghavan Against V Muraleedharan