പാലക്കാട്: പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന എ. വി ഗോപിനാഥുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും സാധാരണ പ്രവര്‍ത്തകര്‍ക്ക് നീതി കിട്ടാവുന്ന രീതിയില്‍ എന്തെങ്കിലും നിര്‍ദേശം മുന്നോട്ട് വന്നാല്‍ അത് സ്വീകരിക്കുമെന്നാണ് എ. വി ഗോപിനാഥ് സുധാകരനെ കാണുന്നതിന് മുന്നോടിയായി പ്രതികരിച്ചിരിക്കുന്നത്.
‘എന്നെ വ്യക്തിപരമായി തൃപ്തിപ്പെടുത്താന്‍ എന്തെങ്കിലും തരാമെന്ന് പറഞ്ഞാല്‍ അത്തരം വാഗ്ദാനങ്ങള്‍ സ്വീകരിക്കില്ല. സാധാരണ പ്രവര്‍ത്തകര്‍ക്ക് നീതി കിട്ടാവുന്ന രീതിയില്‍ എന്തെങ്കിലും കിട്ടിയാല്‍ ആ നിര്‍ദേശം സ്വീകരിക്കും. അത് ഹൈക്കമാന്‍ഡിന്റെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായത്തിന് കാത്തിരിക്കുകയാണ്. പ്രശ്‌നം പരിഹരിച്ചാല്‍ പരിഹരിച്ചുവെന്ന് നിങ്ങളോട് പറയും. ഇല്ലെങ്കില്‍ ഞാന്‍ എന്റെ നിലപാടുമായി മുന്നോട്ട് പോകും,’ ഗോപിനാഥ് പറഞ്ഞു.
പാലക്കാട് എല്‍.ഡി.എഫിന് സ്ഥാനാര്‍ത്ഥിയാകാത്തത് താന്‍ അന്വേഷിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് തനിക്ക് സീറ്റ് തരുന്നുണ്ടോ എന്നതാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടുപോകണമെന്ന ചിന്ത ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാനസികമായി ഉണ്ടായ അസ്വസ്ഥതകള്‍ അത് കോണ്‍ഗ്രസിനെ ബാധിക്കുന്നു എന്ന് തോന്നിയപ്പോള്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. അത് പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ കെ.പി.സി.സി എടുത്താല്‍ തന്നെ മാറ്റിനിര്‍ത്തിയാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നിയോജകമണ്ഡലത്തില്‍ ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് എ. വി ഗോപിനാഥന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
എന്തുകൊണ്ട് കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ കഴിഞ്ഞ പതിനഞ്ച് കൊല്ലമായി തന്നെ വിളിക്കുന്നില്ല എന്നും എ.വി ഗോപിനാഥ് ചോദിച്ചിരുന്നു. മെമ്പര്‍ഷിപ്പ് പുതുക്കാന്‍ പോലും അവസരം തന്നിട്ടില്ലെന്ന് എ.വി ഗോപിനാഥ് പറഞ്ഞു.
മരിക്കുന്നത് വരെ കോണ്‍ഗ്രസ് ആയിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് നടക്കുമോ എന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ആലത്തൂര്‍ എം.എല്‍.എ ആയിരുന്ന എ.വി ഗോപിനാഥ് ഇപ്പോള്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്. അടുത്തിടെ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച്, അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവളിയുയര്‍ത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാത്ത ഗോപിനാഥ് ഗ്രൂപ്പില്ലാത്തതിനാലാണ് താന്‍ തഴയപ്പെടുന്നതെന്ന് പറഞ്ഞിരുന്നു.
അതിനിടെ എ. വി ഗോപിനാഥിന് പിന്തുണയുമായി പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 11 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജി വെക്കുമെന്ന് അറിയിച്ചിരുന്നു. 42 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി.