അല്‍-മവാസി ക്യാമ്പുകളില്‍ 4,130 അഭയാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത് ഒരൊറ്റ ടോയ്‌ലെറ്റ്
Worldnews
അല്‍-മവാസി ക്യാമ്പുകളില്‍ 4,130 അഭയാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത് ഒരൊറ്റ ടോയ്‌ലെറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2024, 11:10 pm

ജെറുസലേം: ഇസ്രഈലി സൈന്യത്തിന്റെ ആക്രമണങ്ങളില്‍ ഗസയില്‍ ദുരിതങ്ങളൊഴിയാതെ ഫലസ്തീനികള്‍. അല്‍-മവാസി അഭയാര്‍ത്ഥി കേന്ദ്രങ്ങളിലെ 4,130 ഫലസ്തീനികള്‍ ഉപയോഗിക്കുന്നത് ഒരൊറ്റ ടോയ്‌ലെറ്റ് മാത്രമെന്ന് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ അസഹനീയവും വൃത്തിഹീനവുമായ സാഹചര്യങ്ങള്‍ അഭയാര്‍ഥികളുടെ ആരോഗ്യ പ്രതിസന്ധിക്ക് ഭീഷണിയാവുമെന്ന് എന്‍.ജി.ഒ ആയ ഓക്സ്ഫാം മുന്നറിയിപ്പ് നല്‍കി.

‘അഭയാര്‍ത്ഥികള്‍ക്ക് ഈ മേഖല സുരക്ഷിതമാണെന്ന് ഇസ്രഈല്‍ പറയുന്നു. എന്നാല്‍ ഇവിടുത്തെ സ്ഥിതിഗതികള്‍ വളരെ മോശമാണ്. പല വിവരങ്ങളും ക്യാമ്പുകള്‍ക്ക് പുറത്തേക്ക് എത്തുന്നില്ല,’ അല്‍-മവാസിയിലെ ഓക്സ്ഫാം ജീവനക്കാരിയായ മീര പറഞ്ഞു. സാഹചര്യങ്ങള്‍ അസഹനീയമാണെന്നും ശുദ്ധജലം കിട്ടാനില്ലെന്നും വെള്ളത്തിനായി ഫലസ്തീനികള്‍ കടലിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും മീര ചൂണ്ടിക്കാട്ടി.

അല്‍-മവാസിയിലെ കുഞ്ഞുങ്ങള്‍ ഒരു ദിവസം മുഴുവന്‍ പട്ടിണി കിടക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്നും ഓക്സ്ഫാം റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.എന്‍ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ കണക്കനുസരിച്ച് ഒരു ദശലക്ഷത്തിലധികം ആളുകള്‍ റഫയില്‍ നിന്ന് അല്‍-മവാസി അടക്കമുള്ള പ്രദേശങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

മെയ് ആറിന് ഇസ്രഈലി സൈന്യം റഫയില്‍ ആക്രമണം ആരംഭിച്ചതിനുശേഷം, പ്രതിദിനം ശരാശരി എട്ട് സഹായ ട്രക്കുകള്‍ ഗസയിലേക്ക് എത്തിയതായി യു.എന്‍ കണക്കുകള്‍ ഉദ്ധരിച്ച് ഓക്‌സ്ഫാം പറഞ്ഞു. ഈ ട്രക്കുകളില്‍ ചരക്കുകളില്‍ പോഷകരഹിതമായ എനര്‍ജി ഡ്രിങ്കുകള്‍, ചോക്ലേറ്റ്, കുക്കികള്‍ എന്നിവയാണ് ഉള്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍, ഗസയിലെ പട്ടിണിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധിക്കുകയുണ്ടായി. ഫലസ്തീനിലെ ക്ഷാമം ഒഴിവാക്കാന്‍ എല്ലാ രീതിയുള്ള ശ്രമങ്ങളും നടത്തിയെന്നായിരുന്നു നെതന്യാഹുവിന്റെ വിശദീകരണം.

അതേസമയം നിലവിലെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈലി സൈന്യം ഗസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 36,586 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 83,074 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: A single toilet is used by 4,130 refugees in Almavazi camps