ധോണിക്കൊപ്പമുള്ള ഈ പൊലീസുകാരന്‍ ആര്? ഇന്ത്യയുടെ ലോകകപ്പ് വിജയശില്‍പി, വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റീ യൂണിയന്‍
Sports News
ധോണിക്കൊപ്പമുള്ള ഈ പൊലീസുകാരന്‍ ആര്? ഇന്ത്യയുടെ ലോകകപ്പ് വിജയശില്‍പി, വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റീ യൂണിയന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd August 2024, 5:47 pm

 

2007ലെ ടി-20 ലോകകപ്പ് വിജയം ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും മറക്കാന്‍ ഇടയില്ല. പാകിസ്ഥാനെതിരായ കലാശപ്പോരാട്ടത്തില്‍ മിസ്ബ ഉള്‍ ഹഖ് ശ്രീശാന്തിന്റെ കൈകളിലൊതുങ്ങുമ്പോള്‍ ആരാധകരൊന്നാകെ ആവേശത്തില്‍ അലതല്ലിയിരുന്നു.

അവസാന ഓവറില്‍ 13 റണ്‍സായിരുന്നു പാകിസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. കയ്യിലുള്ളതാകട്ടെ ഒറ്റ വിക്കറ്റും. അനുഭവ സമ്പത്തുള്ള ഹര്‍ഭജന്‍ മൂന്ന് ഓവറില്‍ 36 റണ്‍സ് വഴങ്ങിയ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ ധോണി ജോഗീന്ദര്‍ ശര്‍മയെന്ന മീഡിയം പേസറെ വിശ്വസിച്ച് പന്തേല്‍പിച്ചു.

ലോകകപ്പ് ഫൈനലിന്റെ അവസാന ഓവര്‍, അതും പാകിസ്ഥാനെതിരെ, എതിരാളികള്‍ക്ക് വിജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 13 റണ്‍സ്. സമ്മര്‍ദം ശര്‍മയെ കീഴടക്കി. ആദ്യ പന്ത് വൈഡ്, ഓവറിലെ രണ്ടാം ലീഗല്‍ ഡെലിവെറി സ്‌ട്രൈക്കിലുണ്ടായിരുന്ന മിസ്ബ ഉള്‍ ഹഖ് സിക്‌സറിന് പറത്തിയതോടെ രണ്ട് ഡഗ് ഔട്ടിലും നെഞ്ചിടിപ്പിന്റെ വേഗം വര്‍ധിച്ചുവന്നു.

എന്നാല്‍ ഓവറിലെ മൂന്നാം പന്തില്‍ സ്‌കൂപ് ഷോട്ട് കളിച്ച മിസ്ബക്ക് പിഴച്ചു. ഫൈന്‍ ലെഗില്‍ അവസരം കാത്തിരുന്ന ശ്രീശാന്ത് മിസ്ബയെ കൈക്കുള്ളിലാക്കി ഇന്ത്യയെ കിരീടമണിയിച്ചു.

ഫൈനലില്‍ 3.3 ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ശര്‍മ നേടിയത്.

ഫൈനലില്‍ നിര്‍ണായകമായെങ്കിലും ജോഗീന്ദര്‍ ശര്‍മയുടെ പേര് അധികകാലം ക്രിക്കറ്റ് ലോകത്ത് നിലനിന്നില്ല. ആ ഫൈനല്‍ ജോഗീന്ദര്‍ ശര്‍മയുടെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

കളിക്കളത്തില്‍ നിന്നും അപ്രത്യക്ഷനായി പൊലീസ് ജോലിയില്‍ പ്രവേശിച്ച ജോഗീന്ദര്‍ ശര്‍മ ഇന്ന് ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ക്യാപ്റ്റനെ കാണാനെത്തിയ ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചതോടെയാണ് അദ്ദേഹത്തെ വീണ്ടും ആരാധകര്‍ ആഘോഷമാക്കുന്നത്.

‘2007 ലോകകപ്പിലെ ഹീറോസ് ഒറ്റ ഫ്രെയ്മില്‍’, ‘ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും ഇദ്ദേഹത്തെ മറക്കാന്‍ സാധിക്കില്ല’ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്. 2007 ലോകകപ്പിന്റെ ഓര്‍മകളും ആരാധകര്‍ കമന്റ് സെക്ഷനില്‍ പങ്കുവെക്കുന്നുണ്ട്.

ടി-20 ലോകകപ്പിന്റെ ഫൈനല്‍ അടക്കം വെറും നാല് അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ മാത്രമാണ് ജോഗീന്ദര്‍ ശര്‍മ കളിച്ചത്. നാല് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിലും അദ്ദേഹം നാല് മത്സരത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.

ക്രിക്കറ്റിനോട് വിട പറഞ്ഞതിന് പിന്നാലെ അദ്ദേഹം ഹരിയാന പൊലീസ് സേനയുടെ ഭാഗമാവുകയായിരുന്നു. നിലവില്‍ ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.

 

 

 

Content highlight: A picture of Joginder Sharma with MS Dhoni has gone viral on social media