മേയറുമായുള്ള തര്‍ക്കം; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യദുവിന്റെ ഹരജി തള്ളി
Kerala News
മേയറുമായുള്ള തര്‍ക്കം; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യദുവിന്റെ ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2024, 9:52 pm

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുള്ള കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ തക്ക ഗൗരവമുള്ള കേസല്ല ഇതെന്ന പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ തീരുമാനം. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു. ഇതും ഹരജി തള്ളുന്നതിനായി കോടതി പരിഗണിച്ചു.

അതേസമയം തര്‍ക്കമുണ്ടായ ദിവസത്തെ സംഭവങ്ങള്‍ ഇന്ന് പൊലീസ് പുനരാവിഷ്‌കരിച്ചിരുന്നു. ഈ പരിശോധനയില്‍ യദു ബസില്‍ നിന്ന് ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചതിനുള്ള സാഹചര്യ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബസിന്റെ ഡ്രൈവര്‍ സീറ്റിലിരുന്ന് ആംഗ്യം കാണിച്ചാല്‍ കാറിന്റെ പിന്‍ സീറ്റിലിരിക്കുന്നവര്‍ക്ക് കാണാനാകുമെന്നും ഈ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

മേയറുടെ പങ്കാളിയും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവ് ബസില്‍ കയറിയതായുള്ള സാക്ഷിമൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്ന യാത്രക്കാരും കണ്ടക്ടറുമാണ് മൊഴി നല്‍കിയിട്ടുള്ളത്. സച്ചിന്‍ദേവ് ബസില്‍ കയറിയത് കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ബസില്‍ കയറിയ സച്ചിന്‍ദേവ് യദുവിനോട് ബസ് തമ്പാനൂര്‍ സ്റ്റാന്റിലേക്ക് കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത് എന്നും മൊഴികളിലുണ്ട്. അടുത്ത ദിവസം തന്നെ പൊലീസ് ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയ അന്വേഷണ റിപ്പോര്‍ട്ടും കുറ്റപത്രവും സമര്‍പ്പിക്കുമെന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. തിരുവനന്തപുരത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു ബസിലിരുന്ന് കൊണ്ട് കാറില്‍ സഞ്ചരിക്കുകയായിരുന്ന തിരുവനന്തപുരം മേയര്‍ക്കും കുടുംബത്തിനും നേരെ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു എന്നാണ് കേസ്.

തുടര്‍ന്ന് മേയറും കുടുംബവും ബസ് തടഞ്ഞ് ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഈ സമയത്ത് മേയറുടെ പങ്കാളി ബസില്‍ കയറി യദുവിനെ ഭീഷണിപ്പെടുത്തിയെന്ന് യദുവും പരാതി നല്‍കിയിരുന്നു.

content highlights; A dispute with the mayor Arya Rajendran; Yadu’s plea seeking a court-supervised inquiry was rejected