ഇന്നലെയും ഇന്നുമായി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റും തങ്ങള്‍ ഇരുവരും അടിസ്ഥാനപരമായി ഗുണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞെന്നും വിദ്യാഭ്യാസത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിട്ട് നില്‍ക്കുന്നുവെന്ന് കരുതുന്ന ഒരു സംസ്ഥാനത്തിന്റെ ഐഡന്റിറ്റിയാണ് പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള പോര്‍വിളികളിലൂടെ ചോദ്യം ചെയ്യപ്പെടുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്റെ കൊലവിളി രാഷ്ട്രീയ ചരിത്രം പറയുന്ന മുഖ്യമന്ത്രിയെയാണോ കേരളം അര്‍ഹിക്കുന്നതെന്ന് ഇവിടുത്തെ ജനം ചിന്തിക്കട്ടെ. അക്രമത്തിന് പരോക്ഷമായി ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷമാണോ വേണ്ടതെന്നും.
മുട്ടില്‍ മരംകൊള്ള, കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും മോശം സ്ഥിതിയിലാണ് കേരളം, സംസ്ഥാനം സാമ്പത്തികമായി തീരെ മോശം സ്ഥിതിയിലാണ്, ആളുകള്‍ക്ക് കയ്യില്‍ പണമില്ല, ഇത്തരം വിഷയങ്ങളില്‍ നിന്ന് മാധ്യമശ്രദ്ധതിരിക്കാനുള്ള മികച്ച അടവാണ് ഈ ഒത്തുകളി സംഘത്തിന്റെതെന്നും മുരളീധരന്‍ ആരോപിച്ചു.
മഹത്തായ പാരമ്പര്യമുള്ള ഒരു കലാലയമാണ് തലശേരി ബ്രണ്ണന്‍ കോളെജ്. ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആ കലാലയത്തിനെ കേവലം ഗുണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രം എന്ന തരത്തില്‍ ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുത് എന്നാണ് പൂര്‍വവിദ്യാര്‍ഥിയെന്ന നിലയില്‍ തനിക്ക് പിണറായി വിജയനോടും കെ.സുധാകരനോടും അഭ്യര്‍ഥിക്കാനുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തില്‍ തനിക്കെതിരെ ആക്രമണമുണ്ടായി എന്നായിരുന്നു കണ്ടോത്ത് ഗോപിയുടെ ആരോപണം. മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ കെ. സുധാകരന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് കണ്ടോത്ത് ഗോപി ആരോപണം ഉന്നയിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ നിയമിച്ച 26 തൊഴിലാളികളെ 77ല്‍ മൊറാര്‍ജി ദേശായിയുടെ കാലത്ത് പിരിച്ചുവിട്ടു. ഈ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാല്‍നട പ്രചരണ ജാഥ നടത്താന്‍ തുടങ്ങിയപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ആയുധധാരികളായ ആളുകള്‍ വന്നു. പിണറായി വിജയന്‍ മുമ്പിലുണ്ട്. കൊടുവാള്‍ കയ്യിലുണ്ട്. താനാണോ ജാഥാ ലീഡര്‍ എന്ന് ചോദിച്ച് കൊടുവാള്‍ കൊണ്ട് വെട്ടി. കഴുത്തിന് നേരെ വെട്ടിയപ്പോള്‍ കൈകൊണ്ട് തടുത്തപ്പോള്‍ മുറിവുണ്ടായി. അന്ന് സി.പി.ഐ. നേതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനെതിരായ കേസ് പിണറായി സ്വാധീനമുപയോഗിച്ച് ഇല്ലാതാക്കി എന്നായിരുന്നു ഗോപി പറഞ്ഞത്.