ശ്രീലങ്കക്കെതിരായ ടി-20 ഏകദിന പരമ്പരകൾ വിജയിച്ച ശേഷം ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സര പരമ്പരയും തൂത്ത് വാരിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ മത്സരം വെറും 12 റൺസിന് കഷ്ടിച്ച് വിജയിക്കേണ്ടി വന്ന ഇന്ത്യൻ ടീമിന് എന്നാൽ രണ്ടും മൂന്നും മത്സരങ്ങളിൽ മിന്നുന്ന വിജയമാണ് സ്വന്തമാക്കാൻ സാധിച്ചത്.
രണ്ടാം ഏകദിനം എട്ട് വിക്കറ്റിനും മൂന്നാം ഏകദിനം 90 റൺസിനുമായിരുന്നു ഇന്ത്യൻ ടീം വിജയിച്ചത്.
എന്നാൽ മത്സരത്തിൽ വിജയിക്കാൻ സാധിച്ചെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാൻ ബാറ്ററും വിക്കറ്റ് കീപ്പറുമായുള്ള കമ്രാൻ അക്മൽ.
ക്യാപ്റ്റൻ സ്ഥാനം രോഹിത്തിന് വലിയ വെല്ലുവിളി നൽകുന്നതാണെന്നും അത് അദ്ദേഹത്തെ തളർത്തിയിരിക്കുന്നെന്നും അക്മൽ അഭിപ്രായപ്പെട്ടു.
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് സ്വന്തമാക്കിയ ശേഷം മീറ്റിങ്ങിൽ ടീമെടുത്ത തീരുമാനം പറയാനാകാതെ രോഹിത് ബുദ്ധിമുട്ടിയത് ഇന്ത്യൻ, കിവീസ് ക്യാമ്പുകളിൽ ചിരി പടർത്തിയിരുന്നു. പ്രസ്തുത സംഭവം ചൂണ്ടിക്കാട്ടിയാണ് അക്മൽ വിമർശനമുന്നയിച്ചത്.
ഇന്ത്യയെ അഞ്ച് വർഷത്തോളം ധീരമായി നയിച്ച വിരാട് ക്യാപ്റ്റനെന്ന രീതിയിൽ ഒരു മികച്ച മാതൃകയാണെന്നും എന്നാൽ രോഹിതിന്റെ ക്യാപ്റ്റൻസിയെ ആ രീതിയിൽ മികച്ചതെന്ന് പറയാൻ കഴിയില്ലെന്നും അക്മൽ ചൂണ്ടിക്കാട്ടി.
‘ഇന്ത്യൻ ടീമിന് ഒന്നിൽ കൂടുതൽ ക്യാപ്റ്റൻമാരെ പല ഫോർമാറ്റിലേക്കും നിയോഗിക്കാം.അത് ജോലി ഭാരം കുറക്കാൻ സഹായിക്കും. ഒരു താരത്തെ മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായിരിക്കുക എന്നത് വലിയ സമ്മർദ്ദത്തിൽ പെടുത്തും. തീർച്ചയായും വിരാട് നീണ്ട അഞ്ച് വർഷക്കാലം ഇന്ത്യൻ ടീമിനെ എല്ലാ ഫോർമാറ്റിലും നയിച്ചിട്ടുണ്ട്.
അദ്ദേഹം ശക്തനായ ഒരു ക്യാപ്റ്റന് ഉദാഹരണമാണ്. പക്ഷെ രോഹിത്തിനെ ഒന്ന് നോക്കൂ ടോസ് കിട്ടിയാൽ ബാറ്റ് ചെയ്യണോ, ബോൾ ചെയ്യണോ എന്ന് പറയാൻ പോലും അദ്ദേഹം മറന്ന് പോവുകയാണ്,’ കമ്രാൻ ആക്മൽ പറഞ്ഞു.
എന്നാൽ മറവി എന്നത് രോഹിത്തിന്റെ സ്വഭാവത്തിന്റെ ഒരു ഭാഗമാണെന്നും പാസ്പോർട്ട് അടക്കം വിലപ്പെട്ട പല വസ്തുക്കളും അദ്ദേഹം മറന്ന് വെക്കാറുണ്ടെന്നും കോഹ്ലി മുമ്പ് പറയുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു.
‘രോഹിത്തിന് ഭൂലോക മറവിയാണ്. ഇത്രയും മറവിയുള്ള ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല.വാലറ്റ്, ഫോൺ, ഐപാഡ് അടക്കം സകലതും അവൻ കൊണ്ട് കളയും. നിത്യ ജീവിതത്തിൽ എപ്പോഴും ഉപയോഗിക്കുന്ന അത്യാവശ്യ സാധനങ്ങൾ വരെ രോഹിത് എവിടെയെങ്കിലും കൊണ്ട് കളഞ്ഞിട്ട് വരും.
സാധനങ്ങൾ പോയാൽ പുതിയത് വാങ്ങും എന്ന മട്ടുകാരനാണ് രോഹിത്. രോഹിത്ത് സാധങ്ങൾ എല്ലാം മറക്കാതെ എടുത്തിട്ടുണ്ടോയെന്ന് ഞങ്ങളുടെ ലോജിസ്റ്റിക്ക് മാനേജർ എപ്പോഴും തിരക്കാറുണ്ട്,’ കോഹ്ലി പറഞ്ഞു.
ഇതിനൊക്കെ പുറമേ ദിനേശ് കാർത്തിക്കും രഹാനെയും രോഹിത്തിന്റെ മറവിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വിവാഹ മോതിരവും പാസ്പോർട്ടുംത്ത് മറന്നുവെച്ചതിനെ ക്കുറിച്ചാണ് ഇരുവരും വെളിപ്പെടുത്തിയിട്ടുള്ളത്.