അവനെ ഓര്‍ത്ത് മുംബൈ ഫാൻസ്‌ ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാവും: എ.ബി. ഡിവില്ലിയേഴ്‌സ്
Cricket
അവനെ ഓര്‍ത്ത് മുംബൈ ഫാൻസ്‌ ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാവും: എ.ബി. ഡിവില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th July 2024, 12:57 pm

രാജ്യം മുഴുവന്‍ ഇപ്പോള്‍ രണ്ടാം ടി-20 കിരീടം നേടിയതിന്റെ ആഘോഷത്തിലാണ്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. 2007ന് ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ടി-20 കിരീടത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് രോഹിത് ശര്‍മയും സംഘവും ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയത്.

ഇപ്പോഴിതാ ഫൈനലില്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സ്റ്റാര്‍ ഓള്‍റണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ എ.ബി. ഡിവില്ലിയേഴ്‌സ്.

ഹര്‍ദിക് പാണ്ഡ്യ എല്ലാവരെയും അഭിമാനിപ്പിച്ചുവെന്നും മുംബൈ ഇന്ത്യന്‍സ് ആരാധകരെ അവന്‍ സന്തോഷിപ്പിച്ചുവെന്നുമാണ് എ.ബി ഡിവില്ലിയേഴ്‌സ് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം.

‘ഹര്‍ദിക് അവിടെ എല്ലാവരെയും അഭിമാനിപ്പിച്ചു. അവന്‍ അങ്ങനെ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ലെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ വളരെയധികം അവനെ ബഹുമാനിക്കുന്നു. ഫൈനലില്‍ അവന്റെ ആ വലിയ നിമിഷങ്ങളാണ് വളരെ വേറിട്ടു നിന്നതായി എനിക്ക് തോന്നിയത്. അവന്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരെ വലിയ രീതിയില്‍ സന്തോഷിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,’ എ.ബി. ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഫൈനലില്‍ സൗത്ത് ആഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെ പുറത്താക്കിയാണ് ഹര്‍ദിക് ഇന്ത്യയ്ക്ക് വീണ്ടും ലോകകപ്പ് പ്രതീക്ഷകള്‍ നല്‍കിയത്. അവസാന ഓവറില്‍ 16 റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ള സമയത്ത് പന്തറിയാന്‍ എത്തിയ ഹര്‍ദിക് മില്ലറെ പുറത്താക്കികൊണ്ട് മികച്ച പ്രകടനമായിരുന്നു നടത്തിയത്.

ഈ ലോകകപ്പില്‍ 144 റണ്‍സും 11 വിക്കറ്റുകളും ആണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐ.സി.സി റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഹര്‍ദിക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈല്‍സിനൊപ്പം ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ എന്ന നിലയില്‍ കിരീടം നേടുകയും രണ്ടാം സീസണില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കുകയും ചെയ്ത ഹര്‍ദിക്കിന് മുംബൈ നായക സ്ഥാനത്തുനിന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല.

ഇതിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങള്‍ ഹര്‍ദിക്കിനെ തേടിയെത്തിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഹര്‍ദിക്കിന്റെ പ്രകടനങ്ങള്‍ക്കായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

 

Content Highlight: A B Devilliers Praises Hardik Pandya