ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടാം ഡോസ് വാക്സിനേഷനായി എത്തിയ 65കാരന് രണ്ടു തവണ കുത്തിവെയ്പ്പ് നടത്തിയതായി പരാതി.
കരുവാറ്റ ഇടയിലില്‍ പറമ്പില്‍ ഭാസ്‌കരനാണ് രണ്ടു തവണ കുത്തിവെയ്പ്പ് നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുവാറ്റ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇന്നലെയാണ് സംഭവം. ഇടവേളയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനാണ് ഭാസ്‌കരന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയത്.
വാക്സിന്‍ രണ്ടു തവണ കുത്തിവെച്ചതിനെ തുടര്‍ന്ന് വൈകീട്ടോടെയാണ് ഭാസ്‌കരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വാക്സിന്റെ രണ്ടാം കൗണ്ടറില്‍ വെച്ചാണ് വീണ്ടും വാക്സിന്‍ നല്‍കിയത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ വല്ലതുമുണ്ടോ എന്ന ആദ്യ കൗണ്ടറിലെ ചോദ്യത്തിന് പ്രഷറിന് മരുന്ന് കഴിക്കുന്നതായി ഭാസ്‌കരന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
പ്രഷറിന് ആദ്യം മരുന്ന് നല്‍കിയതാണെന്ന് കരുതി വീണ്ടും കുത്തിവെയ്പ്പിന് വിളിച്ചപ്പോള്‍ പോകുകയായിരുന്നു. കുത്തിവെയ്പ്പ് എടുത്തോ എന്ന ചോദ്യത്തിന് ഭാസ്‌കരന്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വാക്സിന്‍ നല്‍കുന്നത്. അങ്ങനെയെങ്കില്‍ രണ്ടാമത്തെ കൗണ്ടറില്‍ എന്തുകൊണ്ട് വാക്സിന്‍ നല്‍കിയോ എന്ന് പരിശോധിച്ചില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.